തലശേരി: തുടർച്ചയായി ഉണ്ടാകുന്ന തൊഴിൽ സമരത്തെ തുടർന്ന് പെരിങ്ങത്തൂരിലെ പാചക വാതക വിതരണ ഏജൻസി അടച്ചുപൂട്ടുന്നത് കാൽ ലക്ഷം ഉപഭോക്താക്കളെ ദുരിതത്തിലാക്കുന്നു.
പെരിങ്ങത്തൂരിലെ ഭാരത് ഗ്യാസിന്റെ ജയഭാരതി ഗ്യാസ് ഏജൻസിയാണ് കോവിഡ് കാലത്തും അടച്ചു പൂട്ടിയിട്ടുള്ളത്. ഏജൻസി നടത്തിപ്പുകാർ ജീവനക്കാർക്ക് ബാങ്ക് വഴി നൽകാൻ നിക്ഷേപിച്ച ബോണസ് തുക ജീവനക്കാരുടെ കൈയിൽ എത്തിയില്ലെന്നാരോപിച്ചാണ് ഇപ്പോൾ സമരം നടക്കുന്നത്.
ബാങ്കിലെ സാങ്കേതിക തകരാറാണ് ബോണസ് തുക ജീവനക്കാർക്ക് ലഭിക്കാൻ വൈകുന്നതിന് കാരണമെന്നും ഈ സാഹചര്യം മനസിലാക്കി ഓണ സമയത്ത് ബോണസിന് തുല്യമായ സംഖ്യ അഡ്വാൻസായി നൽകിയെന്നും ഓൾ കേരള ഭാരത് ഗ്യാസ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. ജീജു രാഷ്ട്രദീപികയോട് പറഞ്ഞു.
നോട്ടീസ് നൽകാതെയാണ് ഇവിടെ പലപ്പോഴും സമരം നടത്തുന്നത്. വർഷത്തിൽ പല തവണ ഇത്തരത്തിൽ സ്ഥാപനം അടച്ചു പൂട്ടേണ്ടി വരുന്നുണ്ട്.
അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാണ് സമരം ചെയ്യുന്നത്. പ്രശ്നം ചർച്ച ചെയ്യാനായി വിളിച്ചാൽ ഫോൺ അറ്റൻഡ് ചെയ്യാൻ പോലും ജീവനക്കാരുടെ നേതാക്കൾ തയാറാകുന്നില്ല.
ഈ സാഹചര്യത്തിൽ സ്ഥാപനം തുറക്കാൻ സംരക്ഷണം നൽകണമെന്നും പാചക വാതക വിതരണത്തിന് സംവിധാനം ഒരുക്കി തരണമെന്നും ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്കും ജില്ലാ പോലീസ് ചീഫിനും നിവേദനം നൽകിയതായും ജീജു പറഞ്ഞു.