എരുമേലി: അപകടത്തിൽ ഓടയിൽ വീണ് മണിക്കൂറുകളോളം കിടന്ന യുവാവ് മരിച്ചു. കുറുവാമൂഴി വിഴുക്കിത്തോട് മുതുകാട്ടുവയലില് മനോജ് (39) ആണ് മരിച്ചത്.
രാത്രി ബൈക്കിൽ വരുന്നതിനിടെ അപകടത്തിൽപ്പെട്ട് പരിക്കേറ്റ് ഓടയിലേക്ക് തെറിച്ചുവീണു കിടന്ന മനോജിനെ പിറ്റേന്ന് പുലർച്ചെ ബന്ധുക്കൾ നടത്തിയ തെരച്ചിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ഇന്നലെ പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. രാത്രിയിൽ സുഹൃത്തിനെ പുലിക്കുന്നിൽ വിട്ട ശേഷം എരുമേലി – മുണ്ടക്കയം ദേശീയ പാതയിലൂടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മനോജ് അപകടത്തിൽപ്പെട്ടതെന്ന് കരുതുന്നു.
മഞ്ഞളരുവി ഭാഗത്ത് റോഡിന്റെ വശത്ത് ഓടയിൽ വീണുകിടന്ന നിലയിലായിരുന്നു മനോജും ബൈക്കും. രക്തം വാർന്ന് വീണുകിടന്ന മനോജിന്റെ ഹെൽമറ്റും തകർന്നിരുന്നു. രാത്രിയിൽ ഏറെ സമയം കഴിഞ്ഞിട്ടും എത്താത്തതിനെത്തുടർന്നു പുലർച്ചെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ദേശീയപാതയുടെ പുനർനിർമാണം ദിവസങ്ങളായി നടക്കുന്നതിനാലും പാതയിലെ ചരള ഭാഗം കോവിഡ് കണ്ടെയ്ൻമെന്റ് സോൺ ആയതിനാലും രാത്രിയിൽ ഈ റോഡ് വിജനമാണ്. മനോജ് അപകടത്തിൽപ്പെട്ട സ്ഥലത്ത് വഴിവിളക്കുകൾ ഇല്ലാത്തതിനാലും യാത്രക്കാർക്ക് ഓടയിൽ വീണുകിടന്നിരുന്ന മനോജിനെയോ ബൈക്കോ കാണാനായില്ലെന്നാണ് പോലീസ് കരുതുന്നത്.
എരുമേലി പോലീസ് മേൽനടപടികൾ സ്വീക രിച്ചു. മൃതദേഹം ഇനു രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിക്കും. തങ്കൻ – ഓമന ദമ്പതികളുടെ മകനായ മനോജ് കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു. രാഗിണി രവീന്ദ്രൻ (മായ) ആണ് ഭാര്യ. അനന്തു, ആരോമൽ എന്നിവരാണ് മക്കൾ.