കോട്ടയം: കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘം കോട്ടയത്ത് സജീവം. ഗുണ്ടാ മാഫിയകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘത്തിനെതിരേ നിരവധി കേസുകൾ ഉണ്ടെങ്കിലും ഇവർ ഇപ്പോഴും കഞ്ചാവ് കടത്തിൽ സജീവമാണ്.
ഏറ്റമാനൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘത്തിനു സംസ്ഥാനത്തും പുറത്തും കണ്ണികൾ സജീവമാണ്. ബംഗളൂരു, ആന്ധ്ര, ഒറീസ, ഛത്തീസ്ഗഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിക്കുന്ന കഞ്ചാവും അനുബന്ധ സാധനങ്ങളും കോട്ടയത്ത് വിറ്റഴിക്കുന്നുണ്ടെന്നു ആരോപണമുണ്ട്.
ജില്ലയിൽ കഴിഞ്ഞ നാളുകളിൽ 100 കിലോ കഞ്ചാവാണു പിടികൂടിയത്. എക്സൈസും പോലീസും ചേർന്നു പ്രതികളെ പിടികൂടുന്നുണ്ടെങ്കിലും പുറത്തിറങ്ങുന്ന സംഘം വീണ്ടും കഞ്ചാവ് കച്ചവടത്തിലേക്കു കടക്കുകയാണ്.
കോട്ടയത്ത് പിടിക്കുന്ന കഞ്ചാവ് എത്തിച്ചത് ഏറ്റുമാനൂരിലെ ഗുണ്ടാ സംഘാംഗങ്ങൾക്കാണെന്നു കണ്ടെത്തിയിരുന്നു. കുപ്രസിദ്ധ ഗുണ്ടയായ ആർപ്പൂക്കര കൊപ്രായിൽ ജെയിസ് മോൻ ജേക്കബി(അലോട്ടി)നെ പോലീസ് അറസ്റ്റു ചെയ്തു റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
കടുത്തുരുത്തിയിൽനിന്നും പിടികൂടിയ കഞ്ചാവ് ഇയാൾക്കുവേണ്ടിയാണ് എത്തിച്ചതെന്നു പോലീസ് കണ്ടെത്തി. എത്തിക്കുന്ന കഞ്ചാവിലെറെയും ഗുണ്ടാസംഘങ്ങളുടെ കയ്യിലാണ് എത്തുന്നത്.
എംഡിഎംഎ, എൽഎസ്ഡി, പെറ്റഡിൻ, കെറ്റമീൻ മയക്കുഗുളികകൾ, ലഹരി കഷായങ്ങൾ എന്നിവയെല്ലാം കോട്ടയത്തുനിന്നും കേരളത്തിലേക്ക് ഒഴുകുന്നുണ്ട്. സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് 50 രൂപ വിലയുള്ള ചെറിയ പൊതികളാക്കിയാണു ഇവർ വിറ്റഴിക്കുന്നത്.
ആസ്ത്മ രോഗികൾക്ക് ശ്വാസതടസം മാറാനുള്ള എഫിഡ്രിൻ നിരോധിച്ചെങ്കിലും, കിലോയ്ക്കു മൂന്നുലക്ഷത്തിലേറെ വിലയുള്ള മയക്കുമരുന്നായി സുലഭമാണ്.