കൊച്ചി: മലയാള സിനിമയുടെ നിത്യ യൗവനമായ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 69-ാം പിറന്നാള്‍ ആഘോഷിച്ച് സിനിമാലോകം. 49 വര്‍ഷം നീളുന്ന അഭിനയ ജീവിതത്തില്‍ ഒപ്പം അഭിനയിച്ചവര്‍ ഉള്‍പ്പെടെയുള്ള താരലോകം മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസ നേരുന്ന തിരക്കിലാണ്.
സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഉള്‍പ്പെടെ മമ്മൂട്ടി ഫാന്‍സ് അസോസിയേഷനുകളും സിനിമയിലെ എല്ലാ മുന്‍നിര താരങ്ങളും സംവിധായകരും ചലച്ചിത്ര പ്രവര്‍ത്തകരും പിറന്നാള്‍ ആശംസകളുമായെത്തുന്നു.
നമ്പര്‍ 20 മദ്രാസ് മെയിലില്‍ മമ്മൂട്ടിക്ക് മുത്തം നല്‍കുന്നതുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പോസ്റ്റു ചെയ്താണ് തന്റെ പ്രിയ സുഹൃത്തിന് നടന് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നത്.
മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച നടന് സലിം കുമാറിന്റെ വ്യത്യസ്തമായ ആശംസ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
“66′ ഇത് ഇങ്ങിനെയായിരുന്നപ്പോഴും ഇങ്ങേര് ഇങ്ങിനെ തന്നെയായിരുന്നു.ഇപ്പോള്‍ “69′ ഇത് ഇങ്ങിനെയായപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയാണ്. ഇനി ഇത് “96′ ഇങ്ങിനെയും “99′ ഇങ്ങിനെയുമൊക്കെയാവും. അപ്പോഴും ഇങ്ങേര് ഇങ്ങിനെ തന്നെയായിരിക്കും, അത് ഇങ്ങേരും, അങ്ങേരും തമ്മിലുള്ള ഒരു ഇത് ആണ് എന്നു വ്യക്തിമാക്കിയാണു മമ്മൂട്ടിയുടെ ഫോട്ടോയടക്കം സലിം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
പിറന്നാളാഘോഷത്തോടനുബന്ധിച്ച് ആരാധകരും സുഹൃത്തുകളുമടക്കം നിരവധി മാഷപ്പ് വീഡിയോകളും പുറത്തിറക്കിയിട്ടുണ്ട്. പ്രത്യേകഗാനം ഒരുക്കിയാണു നാദിര്‍ഷയും സംഘവും മമ്മൂട്ടിക്കായി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
സന്തോഷ് വര്‍മയുടെ വരികള്‍ക്ക് നാദിര്‍ഷയാണു സംഗീതം പകര്‍ന്നിരിക്കുന്നത്. അഫ്സലാണു പാടിയിരിക്കുന്നത്. സംവിധായകരായ മാര്‍ത്താണ്ഡന്‍ ഉള്‍പ്പെടെയുള്ളവരാണു ഗാനം ഒരുക്കിയിരുക്കുന്നത്. താരത്തിനൊപ്പമുള്ള സെല്‍ഫിയും സിനിമകള്‍ കോര്‍ത്തിണക്കിയുള്ള ചിത്രങ്ങളും വിഡിയോകളുമായി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ്.
ഇന്ത്യന്‍ സിനിമയുടെ മുഖത്തിന്, മലയാളത്തിന്റെ മെഗാസ്റ്റാറിന് ഒരായിരം പിറന്നാള്‍ ആശംസകള്‍ എന്നാണ് സുരാജ് വെഞ്ഞാറമൂട് കുറിച്ചിരിക്കുന്നത്.
തന്നെപ്പോലുള്ളവര്‍ക്ക് വഴികാട്ടിയാകാന്‍ ഇനിയും സന്തോഷവും ആരോഗ്യവും സമാധാനവും ജീവിതത്തില്‍ നിറയട്ടെ എന്നാണ് അജുവിന്റെ ആശംസ. ഗുരുനാഥന് എന്നു വിളിച്ചാണ് നടന് ആസിഫ് അലി ആശംസ നേർന്നത്.