ചാത്തന്നൂർ: ഉടൻ കല്യാണം കഴിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചു പത്താം ക്ലാസുകാരന്റെ ഞെട്ടിക്കുന്ന പ്രതിഷേധം! വിവാഹം കഴിക്കണമെന്ന തന്റെ ആവശ്യം അംഗീകരിക്കാത്ത വീട്ടുകാരോടുള്ള പ്രതിഷേധ സൂചകമായിട്ടു ആറ്റിൽ ചാടി.
ആത്മഹത്യാഭീഷണി മുഴക്കിയായിരുന്നു ആറ്റിൽചാട്ടം. കൊല്ലം ചാത്തന്നൂരിന് സമീപം ഇത്തിക്കരയാറ്റിലാണ് കൗതുകകരമായ സംഭവം. പത്താം ക്ലാസ് പാസായതോടെയാണ് പാരിപ്പള്ളി സ്വദേശിയായ 17 വയസുകാരൻ വിവാഹം കഴിക്കണമെന്ന തന്റെ “എളിയ’ ആഗ്രഹം മാതാപിതാക്കളുമായി പങ്കുവച്ചത്.
എന്നാൽ, കൗമാരക്കാരന്റെ ഈ മോഹത്തിനു മാതാപിതാക്കൾ വിലക്കിട്ടതോടെ പാരിപ്പള്ളിയിൽ നിന്നു ബസ് കയറി നേരേ ഇത്തിക്കരയിൽ ചെന്നിറങ്ങുകയായിരുന്നു. ഇവിടെയുള്ള ആറ്റിൽ ചാടി പ്രതിഷേധിക്കുകയായിരുന്നു ലക്ഷ്യം.
പക്ഷേ, നേരത്തെ താൻ നീന്തൽ പഠിച്ചിട്ടുണ്ടെന്ന കാര്യം അൽപ്പസമയത്തേക്കു ആൾ മറന്നുപോയിരുന്നുവെന്നു വേണം കരുതാൻ.ഇത്തിക്കരയാറ്റിൽ ചാടി അൽപ്പം വെള്ളം കുടിച്ചപ്പോൾ പത്താം ക്ലാസുകാരൻ അറിയാതെ നീന്തിപ്പോയി.
വേലിയേറ്റത്തിൽ സമയത്ത് ആറ്റിലേക്കു എടുത്തുചാടുന്ന കുട്ടിയെ കണ്ട ചിലർ കൗമാരക്കാന്റെ ഒപ്പം ചാടുകയും ഒടുവിൽ രക്ഷപ്പെടുത്തി കരയിലേക്ക് കൊണ്ടുവരികയുമായിരുന്നു.
അധികം വൈകാതെ ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തുകയും കൗമാരക്കാരന്റെ സാഹസം കണ്ട് കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തുകയുമായിരുന്നു. ഇപ്പോൾ മോഹം തത്കാലം അടക്കി നല്ല കുട്ടിയായി വീട്ടിലിരിക്കുകയാണ് പയ്യൻ.