സ്വന്തം ലേഖകൻ
കടുവാക്കുളം: കറവയുള്ളതടക്കം വീട്ടിൽ ആറു പശുക്കൾ, കോഴി, കാട, ആട്… ക്വാറന്റൈനിൽ ഇരിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിർദേശം വന്നപ്പോൾ ഞെട്ടിത്തരിച്ചുനിൽക്കുകയായിരുന്നു ക്ഷീരകർഷകനായ ആ യുവാവും കുടുംബവും.
അതിനിടയിൽ പത്തു വയസുകാരനായ മകനു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചെന്ന വിവരംകൂടി ലഭിച്ചതോടെ ആകെ സ്തംഭിച്ചുപോയി. ക്വാറന്റൈനിൽ ഇരിക്കണമെന്ന ചിന്തയേക്കാൾ പശുക്കളെയും മറ്റുള്ളവയെയും എങ്ങനെ പരിപാലിക്കും ?
https://youtu.be/so5rkP4Zp3I
എങ്ങനെ പുല്ലും തീറ്റയും സംഘടിപ്പിക്കും? മുടങ്ങാതെ കറവ നടത്തും എന്നിങ്ങനെയുള്ള ചിന്തയാണ് കോട്ടയം പൂവന്തുരുത്ത് സ്വദേശിയായ യുവാവിനെയും കുടുംബത്തെയും അലട്ടിയിരുന്നത്.
ആകെ വിഷമിച്ചിരിക്കുന്പോഴാണ് ആ ഫോൺകോൾ എത്തിയത്. അയൽവാസിയും ക്ഷീരകർഷകനുമായ ദീപു തോമസ്(33)എന്ന ചെറുപ്പക്കാരന്റേതായിരുന്നു ആ ഫോൺ. ആ ഒറ്റ ഫോൺ കോളിൽ ഉള്ളിലെ ആശങ്ക മഞ്ഞുപോലെ അലിയുന്നതായി അവർക്കു തോന്നി.
ക്വാറന്റൈൻ കാലം കഴിയുന്നതുവരെ പശുക്കളെയും മറ്റുള്ളവയെയും താൻ പരിപാലിച്ചുകൊള്ളാം എന്നതായിരുന്നു ദീപുവിന്റെ ഫോൺവിളിയുടെ ചുരുക്കം.ഫോൺവിളിച്ച് ഉറപ്പുകൊടുത്തതിനു പിന്നാലെ ദീപു ഉടൻ ആ വീട്ടിലെത്തി ആറു പശുക്കളെയും അഴിച്ചു താൻ പാട്ടത്തിനെടുത്തു പശുവളർത്തൽ നടത്തുന്ന സ്ഥലത്തേക്കു കൊണ്ടുപോയി.
എല്ലാവരുടെയും ക്വാറന്റൈനും പ്രശ്നമൊമൊക്കെ തീരുന്നതുവരെ പശുക്കളെക്കുറിച്ചു ചിന്തിക്കേണ്ടെന്നും എല്ലാം താൻ നോക്കിക്കൊള്ളാമെന്നും ഉറപ്പുകൊടുത്തിരിക്കുകയാണ് ഈ യുവാവ്. ദീപുവിന്റെ സന്മനസിനു നന്ദി പറയുകയാണ് ഇപ്പോൾ ആ കുടുംബവും നാട്ടുകാരും.
പൂവന്തുരുത്ത് മൈലക്കാട്ട് തോമസ്- ഷീബ ദന്പതികളുടെ മകനായ ദീപുവിനു പള്ളം ബ്ലോക്ക് പഞ്ചായത്തിലെ മികച്ച യുവക്ഷീരകർഷകൻ, പഞ്ചായത്തിലെ യുവകർഷകൻ എന്നിങ്ങനെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
അതിലേറെ കൗതുകം, നഴ്സിംഗ് ജോലി ഉപേക്ഷിച്ചാണ് ഈ യുവാവ് പശു വളർത്തലിലേക്കു തിരിഞ്ഞതെന്നതാണ്. ഇതിനിടെ, പശുക്കൾക്കു കുത്തിവയ്പിലൂടെ കൃത്രിമബീജാധാനം (Artificial insemination) നടത്താനുള്ള കോഴ്സും പരിശീലനവും പൂർത്തിയാക്കിയ ദീപു ആ മേഖലയിലും സജീവമാണ്.
തൊടുപുഴയിൽ നഴ്സായ ഭാര്യ സുനിയും കോവിഡ് പ്രതിരോധ രംഗത്താണ്. മക്കൾ: ഡാനി, ജൊവാന. ഫോൺ: 9400742268.