തലശേരി: കതിരൂർ പൊന്ന്യംപാലം ചൂള റോഡ് തെക്കേ തയ്യിലിൽ ബോംബ് നിർമാണം നടത്തിയത് രാഷ്ട്രീയ ആക്രമണങ്ങളെ പ്രതിരോധിക്കാനെന്ന് പ്രതികളുടെ മൊഴി. കേസിൽ അറസ്റ്റിലായ കതിരൂർ പുതിയവീട്ടിൽ കെ. അശ്വന്ത്, കെ.വി.സജിലേഷ് എന്നിവരാണ് പോലീസിന് മൊഴി നൽകിയത്.
എതിരാളികൾ അക്രമത്തിന് തയാറെടുക്കുന്നുണ്ട്. ഇത് മനസിലാക്കിയാണ് ബോംബ് നിർമാണം നടത്തിയതെന്നും പ്രതികൾ പോലീസിനോട് സമ്മതിച്ചു. കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സജിലേഷിനെ കഴിഞ്ഞ രാത്രി അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തു.
രാത്രിയിൽ സബ് ജയിലിൽ പാർപ്പിച്ച പ്രതിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും. കണ്ണുകൾക്ക് സാരമായി പരിക്കേറ്റ സജിലേഷിനെ ഇരു കണ്ണുകളും കെട്ടിയ നിലയിലാണ് സബ് ജയിലിലെത്തിച്ചത്.
ഇതിനിടയിൽ സ്ഫോടനത്തിൽ പരിക്കേറ്റവരുമായി സംഭവ സ്ഥലത്തു നിന്നും പുറപ്പെട്ട് തലശേരിയിലെത്തിയ രണ്ട് ആംബുലൻസിൽ ഒരെണ്ണം അപ്രത്യക്ഷമായതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
തലശേരി നഗരത്തിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോയെന്ന് പറയപ്പെടുന്ന ആംബുലൻസ് കണ്ടെത്താൻ ദേശീയപാതയിലേയും ഇട റോഡുകളിലേയും സിസിടിവി ദൃശ്യങ്ങൾ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശേഖരിച്ചുവരികയാണ്.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ഈ ആംബുലൻസിൽ ഉണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. സ്ഫോടനത്തിൽ പരിക്കേറ്റ് തലശേരി സഹകരണ ആശുപത്രിയിൽ ഇരു കൈപ്പത്തികളും നഷ്ടപ്പെട്ട് ചികിത്സയിലുള്ള മാഹി അഴിയൂർ കല്ലറോത്ത് രമ്യ നിവാസിൽ രമീഷ്, കണ്ണിൽ ഗുരുതരമായി പരിക്കേറ്റ അഴിയൂർ കെഒ ഹൗസിൽ ധീരജ് എന്നിവരുടെ അറസ്റ്റും പോലീസ് ഉടൻ രേഖപ്പെടുത്തും.
ഇവർ ആശുപത്രിയിൽ പോലീസ് കാവലിലാണുള്ളത്. സ്ഫോടനം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന ആറുപേരിൽ മറ്റ് രണ്ട് പേരെ കൂടി കണ്ടെത്താൻ പോലീസ് അന്വഷണം തുടരുകയാണ്.