കാസര്‍ഗോഡ്: വര്‍ഷങ്ങളോളം വിദേശത്തും നാട്ടിലുമൊക്കെ പണിയെടുത്തു കിട്ടിയ സമ്പാദ്യമാണ് പലരും ഭാവിയിലെ ആവശ്യങ്ങളിലേക്കുള്ള കരുതലായി ജ്വല്ലറിയില്‍ നിക്ഷേപിച്ചത്.
ലാഭവിഹിതം കിട്ടുന്നതിനൊപ്പം മക്കളുടെ വിവാഹം പോലുള്ള ഘട്ടങ്ങളില്‍ ഇത് ഉപയോഗപ്പെടുത്തി ഉയര്‍ന്ന വിപണിവിലയുടെ ഭീതിയില്ലാതെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാമെന്നായിരുന്നു മിക്കവരുടെയും കണക്കുകൂട്ടല്‍.
രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ പ്രശസ്തരായ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണെന്നതിന്റെ വിശ്വാസ്യതയും ഉണ്ടായിരുന്നു.
എന്നാല്‍ ലാഭവിഹിതം ലഭിക്കുന്നത് ക്രമേണ നിലയ്ക്കുകയും മുന്നറിയിപ്പില്ലാതെ ഒന്നിനു പിറകേ ഒന്നായി ജ്വല്ലറിയുടെ മൂന്ന് ശാഖകളും അടയ്ക്കുകയും ചെയ്തതോടെ ആ വിശ്വാസ്യതയ്ക്കൊപ്പം തകര്‍ന്നുവീണത് എണ്ണൂറോളം നിക്ഷേപകരുടെ കണക്കുകൂട്ടലുകളാണ്.
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ തകര്‍ച്ച താളംതെറ്റിക്കുന്നത് ഇത്രയും കുടുംബങ്ങളുടെ പ്രതീക്ഷകളെയാണ്. ജ്വല്ലറി ഉടമ എം.സി. കമറുദ്ദീന് എംഎല്‍എ ആയതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെടുന്ന രാഷ്ട്രീയപ്രാധാന്യം കൈവരുമ്പോഴും മുടക്കുമുതലെങ്കിലും തിരികെ കിട്ടണമെന്ന പ്രാര്‍ത്ഥനയിലാണ് ഇവരെല്ലാവരും.
ദുബായ് വിമാനത്താവളത്തില്‍ നിന്ന് വിരമിച്ച ഉദുമ കോട്ടക്കുന്നിലെ ഷാഫി വിരമിക്കുമ്പോള്‍ കിട്ടിയ 20 ലക്ഷം രൂപയാണ് ജ്വല്ലറിയില്‍ നിക്ഷേപിച്ചത്. അതില്‍ 5 ലക്ഷം രൂപ പിന്നീട് ഒരു ആവശ്യം വന്നപ്പോള്‍ പിന്‍വലിച്ചു. 15 ലക്ഷം രൂപ ബാക്കിയുണ്ട്.
പലിശയൊന്നും കിട്ടിയില്ലെങ്കിലും അതെങ്കിലും തിരികെ ലഭിച്ചാല്‍ മതിയായിരുന്നുവെന്നാണ് ഇദ്ദേഹവും പറയുന്നത്. തുടക്കത്തില്‍ നല്ല വിശ്വാസ്യത ഉണ്ടായിരുന്നതുകൊണ്ട് താനുമായി വ്യക്തിബന്ധമുള്ള ഒട്ടേറെ പേരെ ഫാഷന്‍ ഗോള്‍ഡില്‍ പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചത് അതിലും വലിയ അബദ്ധമായി.
ബന്ധുക്കളുടേതും സുഹൃത്തുക്കളുടേതുമായി 73 ലക്ഷം രൂപയ്ക്ക് ഉത്തരം പറയേണ്ട ബാധ്യതയാണ് ഇതുമൂലം ഉണ്ടായത്. മകളുടെ കല്യാണത്തിന് കരുതിവച്ച തുക ജ്വല്ലറിയില്‍ നിക്ഷേപിച്ച ഉദുമ എരോലിലെ അസൈനാറിന്റെ അവസ്ഥയും ഏറെക്കുറെ ഇങ്ങനെതന്നെയാണ്.
ജ്വല്ലറിയില്‍ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയപ്പോള്‍ ഒരുവര്‍ഷം മുമ്പ് നിക്ഷേപകരുടെ ഒരു യോഗം തൃക്കരിപ്പൂരില്‍ വിളിച്ചുചേര്‍ത്തിരുന്നു. നോട്ട് നിരോധനവും ജി എസ് ടിയും വരുത്തിവച്ച ബാധ്യതകളാണ് തകര്‍ച്ചയ്ക്ക് വഴിവെച്ചതെന്നാണ് മാനേജ്മെന്റ് പ്രതിനിധികള്‍ ആ യോഗത്തില്‍ പറഞ്ഞത്.
എങ്കിലും വരും മാസങ്ങളില്‍ നില അൽപ്പാൽപ്പമായി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അതിനു ശേഷം പണം പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് അതിനുള്ള സൗകര്യം ഉറപ്പുവരുത്താമെന്നും അവര്‍ പറഞ്ഞിരുന്നു.
എന്നാല്‍ തൊട്ടുപിന്നാലെ പയ്യന്നൂരിലേയും ചെറുവത്തൂരിലേയും കാസര്‍ഗോട്ടെയും ജ്വല്ലറി ശാഖകള്‍ ഓരോന്നായി അടക്കുന്നതാണ് കണ്ടത്. ഇതിനിടെ കമറുദ്ദീന് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതോടെ അതിന്റെ തിരക്കുകള്‍ കഴിഞ്ഞാല്‍ ജ്വല്ലറി വീണ്ടും സജീവമാകുമെന്ന് പലരും കരുതി.
എന്നാല്‍ എംഎല്‍എ ആയതോടെ കമറുദ്ദീന് ബിസിനസ് രംഗത്തുനിന്ന് പൂര്‍ണമായും പിന്മാറുന്നതാണ് കണ്ടത്. നിക്ഷേപിച്ച പണത്തിന്റെ കാര്യം ഇനി ആരോട് അന്വേഷിക്കണമെന്നുകൂടി അറിയാതായതോടെയാണ് നിക്ഷേപകര്‍ പോലീസിനെ സമീപിക്കാന്‍ തുടങ്ങിയത്.
ഇവരില്‍ പലരും രാഷ്ട്രീയമായി ലീഗിനൊപ്പം തന്നെ നില്‍ക്കുന്നവരാണ്. പാര്‍ട്ടി തലത്തില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്ച്ചകളൊന്നിലും പണം തിരികെ ലഭിക്കാനുള്ള വഴികൾ തുറക്കാതായപ്പോഴാണ് പോലീസില്‍ പരാതി നല്കാന് നിര്‍ബന്ധിതരായതെന്ന് പലരും പറയുന്നു.
ചെറുവത്തൂര്‍ ആസ്ഥാനമായ ജ്വല്ലറി ഗ്രൂപ്പിന്റെ പേരില്‍ 800 ഓളം നിക്ഷേപകരില്‍ നിന്നായി 136 കോടിയോളം രൂപയുടെ നിക്ഷേപം സ്വീകരിച്ച് തിരികെ നല്‍കിയില്ലെന്നാണ് ആരോപണം.
ഇതുമായി ബന്ധപ്പെട്ട് ഇതിനകം ചന്തേര, കാസര്‍ഗോഡ്, ഉദുമ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇരുപതോളം കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് കൈമാറും. സംഭവത്തിൽ മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീന് കുരുക്ക് മുറുകുകയാണ്.
കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടതിനു പിന്നാലെ കമ്പനിയുടെ മൂലധനം സ്വരൂപിക്കുന്നതിലും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിലും ചട്ടലംഘനം നടന്നതായ വിവരങ്ങളും പുറത്തുവന്നു.