കോട്ടയം: വാഗമണ്ണിൽ ലഹരി പൂക്കുന്നു. പെണ്‍കുട്ടികൾ അടക്കം വാഗമണ്ണിലേക്ക് ഒഴുകുന്നു. പോലീസ് നടത്തിയ പരിശോധനയിലാണു കഴിഞ്ഞ ദിവസങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം പെണ്‍കുട്ടികൾ വാഗമണ്ണിൽ ഹഷീഷും കഞ്ചാവും അടക്കമുള്ളവ ഉപയോഗിക്കുന്നുവെന്നു ബോധ്യപ്പെട്ടത്. തുടർന്നു പോലീസ് പരിശോധന ശക്തമാക്കിയിരുന്നു.
ലഹരിവസ്തുക്കളുമായി പെണ്‍കുട്ടി ഉൾപ്പെടെ ഏഴംഗസംഘം വാഗമണ്ണിൽ ഇന്നലെ പോലീസ് പിടിയിലായി. വാഹനപരിശോധനയ്ക്കിടെ സംഘാംഗങ്ങളുടെ കൈയിൽനിന്നും ലഹരി വസ്തുക്കൾ പിടികൂടുകയായിരുന്നു. സംഘത്തിലുള്ളയാളുടെ സുഹൃത്താണു പിടിയിലായ കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടി.
പൂഞ്ഞാർ മറ്റക്കാട് സ്വദേശി മുളയ്ക്കൽ പറന്പിൽ അജ്മൽ ഷാ (23), തിരുവന്തപുരം കുടപ്പനമൂട് സലജ ഭവനിൽ സിദ്ധു (24), ഇടുക്കി അട്ടപ്പള്ളം പാറയിൽ നവീൻ (23), കോഴിക്കോട് ബാലുശേരി പുത്തൂർവട്ടം തയ്യിൽ അഖിൽ രാജ് (24),
ആലുവ മില്ലുപടി പികെ ഹൗസിൽ മുഹമ്മദ് ഷിയാസ് (24), തമിഴ്നാട് അഴീക്കൽ അറുതഗുണവിളൈ സ്വദേശി രഞ്ജിത്ത് (29), കോഴിക്കോട് തറപ്പോയിൽകര സ്വദേശിനിയായ 20കാരി എന്നിവരാണു കസ്റ്റഡിയിലുള്ളത്.
വാഗമണ്‍ പ്രദേശത്ത് ലഹരി ഉപയോഗിക്കുന്ന സംഘങ്ങളുടെ എണ്ണം കൂടുന്നതായി നേരത്തേ പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. കോവിഡ് പശ്ചാത്തലത്തിലും മേഖലയിലേക്ക് നിരവധി പേർ എത്തുന്നുണ്ട്.
ഇന്നലെ നടന്ന പരിശോധനയ്ക്കിടെ സംഘാംഗങ്ങളുടെ കൈയിൽനിന്നും ഹഷീഷും കഞ്ചാവും കണ്ടെത്തുകയായിരുന്നു. കോവിഡ് കാലമായതിനാൽ വാഗമണിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.
ബൈക്കിലും കാറിലുമായി നിരവധി പേർ ഇവിടെ വരുന്നുണ്ട്. പോലീസിന്റെ കണ്ണുവെട്ടിച്ചാണ് ഇക്കൂട്ടർ എത്തുന്നത്. ഇങ്ങനെയെത്തുന്ന സംഘമാണ് മദ്യപാനത്തിനും ലഹിരവസ്തുക്കളുടെ ഉപയോഗത്തിന്റെയും പിന്നിൽ.