പത്തനംതിട്ട: കുമ്പഴയില്‍ വയോധികയെ കഴുത്തറത്ത് കൊലപ്പെടുത്തി. ഇവരുടെ ഒപ്പം താമസിച്ചിരുന്ന സഹായി കസ്റ്റഡിയില്‍. കുമ്പഴ സ്വദേശി ജാനകി (92)യാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രിയാണ് സംഭവമെന്ന് കരുതുന്നു. കഴിഞ്ഞ നാലു വര്‍ഷമായി ഇവര്‍ക്കൊപ്പം സഹായിയായി ഒപ്പമുണ്ടായിരുന്ന മയില്‍ സ്വാമിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വയോധികയെ താന്‍ കൊല്ലുന്നുവെന്നും ജയിലില്‍ പോകുമെന്നും ഉള്‍പ്പെടെയുള്ള കത്ത് തയാറാക്കി പത്രത്തിനുള്ളില്വച്ച് അയല്‍വാസിയെ ഇയാള്‍ ഏല്പിച്ചിരുന്നു.
ഈ കത്തിന്റെ കോപ്പികള്‍ വീട്ടിനുള്ളില്‍ നിന്ന് പോലീസ് കണ്ടെടുത്തു. മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയനുസരിച്ചാണ് കൊലപാതകമെന്ന് പോലീസ് കരുതുന്നു. കത്തിലെ മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മരിച്ച ജാനകിയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവാണ്.
മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു നീക്കി. ഇന്നലെ രാത്രി സഹായിയും വയോധികയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ താമസിക്കുന്ന മറ്റൊരു സ്ത്രീ രാവിലെ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
മയില്‍സ്വാമിയും ഇയാളുടെ ബന്ധുവായ സ്ത്രീയും ചേര്‍ന്നാണ് വയോധികയെ സംരക്ഷിച്ചുപോന്നിരുന്നത്. വയോധികയുടെ മക്കള്‍ സംസ്ഥാനത്തിനു പുറത്താണ്. രാത്രികാലങ്ങളില്‍ മയില്‍സ്വാമിയും വയോധികയും മാത്രമേ വീട്ടിലുണ്ടാകാറുള്ളൂവെന്നും ബന്ധു പറഞ്ഞു.
ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍, ഡിവൈഎസ്പി ടി. സഞ്ജീവ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കസ്റ്റഡിയിലായ മയില്‍സ്വാമിയെ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ ചോദ്യം ചെയ്തുവരികയാണ്.