പാലക്കാട്: കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ആദ്യ അന്തർസംസ്ഥാന കഐസ് ആർടിസി ബോണ്ട് സർവീസ് പാലക്കാട്- കോയന്പത്തൂർ റൂട്ടിൽ തുടങ്ങി.
പാലക്കാട് കഐസ് ആർടിസി സ്റ്റാൻഡിൽ നടന്ന പരിപാടിയിൽ കഐസ് ആർടിസി ഉത്തരമേഖല എക്സിക്യൂട്ടീവ് ഡയറക്ടർ സി.വി.രാജേന്ദ്രൻ ഫ്ളാഗ് ഓഫ് നിർവഹിച്ചു. ബോണ്ട് സർവീസ് ജില്ലാ കോഡിനേറ്റർ പി.എസ്.മഹേഷ് അധ്യക്ഷത വഹിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പൊതുഗതാഗതം അസാധ്യമായ തമിഴ്നാട്ടിലേക്ക് സർക്കാർ, സ്വകാര്യ മേഖല ഉദ്യോഗസ്ഥർക്കായാണ് കഐസ് ആർടിസി ബോണ്ട് (ബസ് ഓണ് ഡിമാന്റ്) സർവീസ് തുടങ്ങിയത്.
ലോക്ക് ഡൗണിനുശേഷം ജില്ലയിൽ കഐസ് ആർടിസി ബോണ്ട് സർവീസിന് തുടക്കമിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് അന്തർ സംസ്ഥാന സർവീസും തുടങ്ങിയത്.
ബോണ്ട് സർവീസ് പ്രകാരം രാവിലെ എട്ടിന് പാലക്കാട് നിന്നും തുടങ്ങി 9.45ന് കോയന്പത്തൂർ ഗാന്ധിപുരത്ത് എത്തുകയും വൈകുന്നേരം 5.15 ന് കോയന്പത്തൂരിൽനിന്നും തിരിച്ച് 6.45ന് പാലക്കാട് എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
32 യാത്രക്കാർ ഇതിനകം പാസ് എടുത്തതായി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.ബോണ്ട് യാത്രക്കാർ ദിവസേനപോയി വരുന്നതിനുള്ള ഇ പാസ് കൈയിൽ കരുതണം.
കോവിഡ് പശ്ചാത്തലത്തിൽ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുന്നതിനുള്ള അസൗകര്യം കണക്കിലെടുത്താണ് കഐസ് ആർടിസി ബോണ്ട് സർവീസിന് തുടക്കംകുറിച്ചത്.
നിലവിൽ പാലക്കാടുനിന്നും ചിറ്റൂരിൽനിന്നും മണ്ണുത്തി കാർഷിക സർവകലാശാലയിലേക്കും എലവഞ്ചേരിയിൽ നിന്ന് പാലക്കാട് സിവിൽ സ്റ്റേഷനിലേക്കും കെ.എസ് ആർടിസി സർവീസ് നടത്തുന്നുണ്ട്.
കൂടുതൽ യാത്രക്കാർ ആവശ്യപ്പെടുന്ന മുറയ്ക്ക് അധിക സർവീസുകൾ ആരംഭിക്കാനും കഐസ് ആർടിസി സജ്ജമാണ്.പരിപാടിയിൽ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.എ.ഉബൈദ്, ഡിപ്പോ എൻജിനീയർ സുനിൽ, ഇൻസ്പെക്ടർ കെ. വിജയകുമാർ, വി.സഞ്ജീവ് കുമാർ എന്നിവർ പങ്കെടുത്തു.
കഐസ് ആർടിസി ബോണ്ട് സർവീസിന് 9447 152 425, 8943 489 389 ൽ ബന്ധപ്പെടാം.ജില്ലയിൽ കഐസ് ആർടിസി ബോണ്ട് സർവീസ് പ്രകാരം യാത്ര ചെയ്യാൻ താത്പര്യമുള്ള സർക്കാർ, സ്വകാര്യ മേഖല ഉദ്യോഗസ്ഥർ 9447 152 425, 8943 489 389 എന്നീ നന്പറുകളിലോ പാലക്കാട് കഐസ് ആർടിസി ബസ് സ്റ്റേഷനിൽ നേരിട്ടോ ബന്ധപ്പെടണമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
കൂടുതൽ യാത്രക്കാർ ആവശ്യപ്പെടുന്ന പക്ഷം പുതിയ സർവീസുകൾ തുടങ്ങുന്നതിനു ക്രമീകരണങ്ങൾ പാലക്കാട് യൂണിറ്റിൽ നടപ്പാക്കിയിട്ടുണ്ട്. യാത്രാ പാസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഡിപ്പോയിൽ ചെയ്ത് കൊടുക്കും.