മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. മുംബൈയിലെ കങ്കണയുടെ ബംഗ്ലാവിനടുത്തുള്ള ഓഫീസ് കെട്ടിടം മുംബൈ കോർപ്പറേഷൻ പൊളിച്ചു നീക്കുന്ന നടപടി തുടങ്ങി.
കങ്കണയുടെ ബംഗ്ലാവിൽ നിരവധി നിർമാണങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തിയെന്നും ഇതു നഗരസഭയുടെ അനുമതിയോടെയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. നോട്ടീസ് നൽകിയെങ്കിലും 24 മണിക്കൂറിനുള്ളിൽ രേഖകൾ സമർപ്പിച്ചിട്ടില്ലെന്നും കോർപ്പറേഷൻ അറിയിച്ചു.
അതേസമയം, സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ മുംബൈയിലേക്ക് പോകാൻ കങ്കണ മൊഹാലി വിമാനത്താവളത്തിലെത്തി. കർശന സുരക്ഷയാണ് ഇവർക്ക് നൽകിയിരിക്കുന്നത്.
മുംബൈയെ പാക് അധിനിവേശ കാഷ്മീരുമായി താരതമ്യപ്പെടുത്തിയ കങ്കണയ്ക്കെതിരേ മഹാരാഷ്ട്രയിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. ശിവസേന ഉൾപ്പെടെയുള്ള പാർട്ടികൾ കങ്കണയ്ക്കെതിരേ രംഗത്തുവന്നിരുന്നു. തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടിക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കിയത്.