തിരുവനന്തപുരം: വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടേറ്റു മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇരട്ടക്കൊലപാതകത്തിലെ പ്രതികളേയും ഗൂഢാലോചനക്കാരേയും പുറത്തുകൊണ്ടുവരാൻ സംസ്ഥാന പോലീസിന് കഴിയും.
ഇത്തരം കൊലക്കേസുകൾ അന്വേഷിക്കുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനും സിബിഐയേക്കാൾ കഴിവ് കേരള പോലീസിനുണ്ടെന്നും കോടിയേരി പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.
പ്രതികളായി വരാൻ സാധ്യതയുള്ള നേതാക്കളെ സംരക്ഷിക്കാനാണ് കോണ്ഗ്രസ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്. എൽഡിഎഫ് സർക്കാരിനെതിരെ ചട്ടം ലംഘിച്ച് പ്രവർത്തിക്കാനും ഫയൽ മരവിപ്പിക്കാനും ഫയൽ വിവരങ്ങൾ ചോർത്താനും കെപിസിസി പ്രസിഡന്റ് നടത്തിയ ഇടപെടലുകൾ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണ്.
കോവിഡിനെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളേയും സർക്കാരിന്റെ നൂറുദിന പരിപാടികളേയും അട്ടിമറിക്കാൻ കോൺഗ്രസ് അനുകൂല ജീവനക്കാരെ അഞ്ചാംപത്തികളാക്കാനുള്ള കെപിസിസി ആഹ്വാനം ജീവനക്കാർ തള്ളുമെന്നും കോടിയേരി പറഞ്ഞു.
യൂത്ത് കോൺഗ്രസ് നേതാവ് ലീനയുടെ വീട് മകനെ കൊണ്ട് അർധരാത്രി കല്ലെറിഞ്ഞ് തകർത്ത് മാർക്സിസ്റ്റ് ആക്രമണമെന്ന വ്യാജകഥ സൃഷ്ടിച്ചതിന് ഉമ്മൻ ചാണ്ടിയുടെ ഒത്താശ ഉണ്ടായിരുന്നെന്നും കോടിയേരി ആരോപിച്ചു. പാർട്ടി മുഖപത്രത്തിൽ എഴുതിയ ചടയൻ ഗോവിന്ദൻ അനുസ്മരണ ലേഖനത്തിലാണ് കോടിയേരിയുടെ ഗുരുതര ആരോപണങ്ങൾ.