വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിൽ നടന്ന ഇരട്ട കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര ന്ത്രി അമിത് ഷായ്ക്കും കത്തുനൽകി.
വെഞ്ഞാറമൂട്ടിൽ തിരുവോണത്തലേന്ന് നാടിനെ നടുക്കിയ ഇരട്ട കൊലപാതകത്തിലെ ഗൂഢാലോചനയും യഥാർഥ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
ഇപ്പോൾ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല എന്നും തിരുവനന്തപുരം റൂറൽ എസ്.പി യുടെ മേൽനോട്ടത്തിൽ നിന്നും അന്വേഷണസംഘത്തെ സ്വതന്ത്രമാക്കണമെന്നും എന്നാൽ മാത്രമേ യഥാർത്ഥ പ്രതികളെയും കൊലപാതകത്തിലെ ഗൂഢാലോചനയും പുറത്തുകൊണ്ടുവരാൻ കഴിയുകയുള്ളൂവെന്നും കത്തിലൂടെ എംപി ആവശ്യപ്പെട്ടു.
ഒരു നാട്ടിൽ നടന്ന വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഉണ്ടായ ഒരു ഇരട്ടക്കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകമാക്കിമാറ്റി മുതലെടുപ്പു നടത്തുവാൻ ശ്രമിക്കുകയാണെന്നും സിബിഐ അന്വേഷണം വരുന്നതോടെ ഒരു വിഭാഗം ജനങ്ങളിൽ ഉണ്ടായ ആശങ്കയ്ക്ക് പരിഹാരമാകുമെന്നും എംപി പറഞ്ഞു.