കൊച്ചി: മലയാള സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ കേന്ദ്ര നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്ക് (എന്‍സിബി) ലഭിച്ചതായി സൂചന.
ബംഗളൂരു ലഹരികടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം മുറുകിയതോടെയാണു മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളും ലഭിച്ചതെന്നാണു വിവരങ്ങള്‍.
ലഹരികടത്തുമായി ബന്ധമുള്ള ചില സിനിമക്കാരെ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ എന്‍സിബിക്ക് ലഭിച്ചതായും കണ്ണികളായ ചിലര്‍ വരും ദിവസങ്ങളില്‍ വലയിലാകുമെന്നുമാണു പുറത്തുവന്നിട്ടുള്ള സൂചനകള്‍.
അതിനിടെ, കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിനിമകളുടെ വിവരങ്ങള്‍തേടി സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷനു കത്തു നല്കി. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നു മുതല്‍ കഴിഞ്ഞ മാര്‍ച്ചുവരെയുള്ള വിവരങ്ങള്‍ തേടിയാണു കത്ത് നല്‍കിയിട്ടുള്ളത്.
ഈ കാലയളവില്‍ എത്ര സിനിമകള്‍ പുറത്തിറങ്ങി, എത്ര സിനിമകള്‍ വിജയിച്ചു, വിജയിച്ച ചിത്രങ്ങളുടെ വിവരങ്ങള്‍ എന്നിവ അടക്കമുള്ള കാര്യങ്ങളാണു കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സിനിമാ മേഖലയിലെ ചിലര്‍ക്കു കള്ളപ്പണ, ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആക്ഷേപം ഉയരുന്നതിനിടെയാണു സാമ്പത്തിക കാര്യങ്ങളിലടക്കം സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തുന്നത്.
എന്നാല്‍, ഈ വിവരങ്ങള്‍ മറ്റ് അന്വേഷണങ്ങളുടെ ഭാഗമാണെന്നു കരുതുന്നില്ലെന്നും എല്ലാ വര്‍ഷവും ഇത്തരത്തിലുള്ള വിവരങ്ങള്‍ അധികൃതര്‍ തേടുന്നതായും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം. രജ്ഞിത്ത് വ്യക്തമാക്കി. മുന്‍വര്‍ഷങ്ങളിലും ഇത്തരത്തിലുള്ള വിവരശേഖരണം അധികൃതര്‍ നടത്തിയിരുന്നതായും അദേഹം പറഞ്ഞു.
മലയാള സിനിമയില്‍ ലഹരി ഇടപാടിന്റെ ഇടനിലക്കാരായും കണ്ണികളായും പ്രവര്ത്തിക്കുന്നവരെക്കുറിച്ച കൃത്യമായ വിവരങ്ങള്‍ എന്‍സിബി ചില സിനിമ സംഘടനാ നേതാക്കളില്‍നിന്ന് ഉള്‍പ്പെടെ ശേഖരിച്ചിട്ടുള്ളതായാണു സൂചന.
ലഹരിമാഫിയയുമായി ബന്ധമുള്ളവര്‍ സിനിമയില്‍ മയക്കുമരുന്നിന്റെ സ്ഥിരം ഉപഭോക്താക്കളുമായി അടുപ്പം സ്ഥാപിച്ചു ചെറിയ വേഷങ്ങള്‍ ചെയ്തു രംഗത്തു തുടരുകയും ഇത് പിന്നീടു ലഹരി കടത്തിനു മറയാക്കുകയും ചെയ്യുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. മലയാള സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന ആക്ഷേപം നേരത്തേ മുതലുള്ളതാണ്.
എന്നാല്‍, സര്‍ക്കാരിന്റെയും എക്സൈസിന്റെയും നടപടികള്‍ ഒന്നോ രണ്ടോ ലൊക്കേഷനുകളിലെ പരിശോധനയില്‍ ഒതുങ്ങുകയായിരുന്നു.