വൈദ്യൂത ബില്ല് കണ്ട് ഷോക്കടിച്ചെന്ന് പറയാറില്ലേ? ആയിരം രൂപ വരെ ബില്ലിൽ കൂടുന്പോഴാണ് ഇത്തരം ഷോക്ക് പ്രയോഗം കേൾക്കാറുള്ളത്.
എന്നാൽ നാലു കോടിയോളം രൂപ ബില്ല് വന്നോ? രണ്ട് മാസത്തെ വൈദ്യൂത ബില്ല് കണ്ട് അമ്പരന്നിരിക്കുകയാണ് ഒരു കർഷകൻ. ഉദയ്പൂരിലെ ജിങ്കലാ ഗ്രാമത്തിലാണ് സംഭവം. കർഷകനായ പേമാരാം പട്ടേലിനാണ് 3.71 കോടി രൂപയുടെ കറണ്ട് ബിൽ വന്നത്.
ജൂൺ – ജൂലൈ മാസത്തിനുള്ളിൽ 38,514,098 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായും ബില്ലിൽ പറയുന്നു. സെപ്റ്റംബർ മൂന്നിനുള്ളിൽ ബില്ല് അടച്ചില്ലെങ്കിൽ എട്ടു ലക്ഷത്തോളം രൂപ പിഴയായി കൂടി നൽകേണ്ടി വരുമെന്നും ബില്ലിൽ പറഞ്ഞിട്ടുണ്ട്.
പട്ടേൽ തന്റെ കെട്ടിടം ഓട്ടോ സർവീസ് സെന്റർ നടത്തുന്നതിനായി വാടകയ്ക്ക് നൽകിയിരുന്നു. ഇവിടെയാണ് വൻ തുക ബിൽ വന്നത്. അജ്മീർ വിദ്യുത് വിത്രൻ നിഗം ലിമിറ്റഡാണ് ബിൽ നൽകിയത്.
ബിൽ ലഭിച്ചതിന് പിന്നാലെ രാജസ്ഥാൻ സർക്കാറിന്റെ ഇ-ഗവേൺസ് സെന്ററായ ഇ-മിത്രയിലെത്തി പട്ടേൽ പരിശോധന നടത്തി. പ്രിന്റിംഗിൽ വന്ന തെറ്റാണെന്നായിരുന്നു ഇവരുടെ വിശദീകരണം.
പിന്നാലെ ഇ-മിത്രയിൽവെച്ച് ബിൽ 6,414 രൂപയാക്കി കുറച്ച് കൊടുക്കുകയും ചെയ്തു. ശേഷം തുക അടച്ച് വീട്ടിലേക്ക് മടങ്ങിയെന്നും പട്ടേൽ അറിയിച്ചു.
അതേസമയം, സംഭവത്തിന്റെ വാർത്തയും ബില്ലിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി പേരാണ് വൈദ്യുത വകുപ്പിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത്.