മുംബൈ: കമാൻഡോകളുടെ അകന്പടിയോടെ യുവനടി കങ്കണ റണൗത് മുംബൈയിലേക്ക്. പൂലർച്ചെ ഹിമാചൽ പ്രദേശിൽ നിന്ന് കങ്കണ പുറപ്പെട്ടു. ആദ്യമായിട്ടാണ് ഇന്ത്യയിൽ ഒരു സിനിമാതാരത്തിന് ഇത്ര വലിയ സുരക്ഷ ലഭിക്കുന്നത്.
വൈ പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയാണ് കേന്ദ്രസർക്കാർ കങ്കണയ്ക്ക് ഒരുക്കിയിട്ടുള്ളത്. ബോളിവുഡിലെ മയക്കുമരുന്നു മാഫിയയെക്കുറിച്ച് തനിക്കറിയാമെന്നും തുറന്നുപറയണമെങ്കിൽ സുരക്ഷ ഉറപ്പാക്കണമെന്നുമായിരുന്നു വെളിപ്പെടുത്തൽ.
തൊട്ടുപിന്നാലെ സാമൂഹികമാധ്യമത്തിലൂടെ പറഞ്ഞത്, മുംബൈ ഇപ്പോൾ പാക് അധിനിവേശ കാഷ്മീരിനു സമാനമാണെന്നും മുംബൈ പോലീസിനെ വിശ്വസിക്കാനാവില്ലെന്നുമായിരുന്നു. അതോടെ ശിവസേന നടിയെ നോട്ടമിട്ടു.
നേതാക്കളും അണികളും അവർക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണങ്ങളുമായി നിറഞ്ഞു. ജീവിതം നല്കിയ മുംബൈയോട് കങ്കണ നന്ദികേടു കാണിച്ചെന്നു ശിവസേനാ നേതാവും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ പ്രതികരിച്ചപ്പോൾ ശിവസേന എം.പി. സഞ്ജയ് റാവത്ത്, അങ്ങനെയാണെങ്കിൽ നടി മുംബൈയിലേക്കു വരേണ്ടതില്ലെന്നാണു പറഞ്ഞത്.
കങ്കണയും ആരാധകരും ബിജെപിയും കേന്ദ്രസർക്കാരും ഒരു വശത്തും മുനിസിപ്പാലിറ്റിയും ശിവസേനയും സർക്കാരും മറുവശത്തുമായി തർക്കം യുദ്ധത്തിന്റെ ശൈലിയിലായി.
കേന്ദ്രസർക്കാർ കങ്കണയുടെ പക്ഷത്തായതിനു പിന്നാലെ അവരുടെ ജന്മനാടായ ഹിമാചൽപ്രദേശും കങ്കണയ്ക്കു പിന്തുണയുമായെത്തി. കങ്കണയ്ക്ക് ആവശ്യമായ സുരക്ഷയൊരുക്കിയ കേന്ദ്രത്തെ അഭിനന്ദിച്ചുകൊണ്ട് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ജയറാം ഠാക്കൂറും രംഗത്തെത്തി.