ചണ്ഡിഗഡ് (പഞ്ചാബ്): ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ തയാറെടുത്ത് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. പഞ്ചാബിനായി യുവരാജ് പാഡ് അണിഞ്ഞേക്കും. മടങ്ങിവരവിന് ആഗ്രഹിക്കുന്നതായി അറിയിച്ച് ബിസിസിഐക്ക് യുവി കത്ത് അയച്ചതായാണ് റിപ്പോർട്ട്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കും സെക്രട്ടറി ജെയ് ഷായ്ക്കുമാണ് യുവി കത്ത് അയച്ചത്.
ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിലൂടെ യുവി കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ തിരുച്ചുവരവിന് ബിസിസിഐ അനുവദിക്കുകയാണെങ്കിൽ പഞ്ചാബിനായി മാത്രമെ കളിക്കൂവെന്നും, വിദേശ ഓഫറുകൾ പരിഗണിക്കില്ലെന്നും ബിസിസിഐക്ക് അയച്ച കത്തിൽ യുവി വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2019 ജൂണിലാണ് കളിക്കളത്തോട് യുവരാജ് വിടപറഞ്ഞത്.