കൊല്ലങ്കോട്: നാല്പത്തിയഞ്ചുലക്ഷം രൂപ ചെലവിൽ മീങ്കര അണക്കെട്ട് നവീകരണം അന്തിമഘട്ടത്തിലെത്തി. ഇതിനായി ഉദ്യാന കവാടത്തിനരികെ ഹൈമാസ്റ്റ് ലൈറ്റ് നിർമാണം പൂർത്തിയായി. അണക്കെട്ട് സ്പിൽവേ പാതയിൽ 45 സോളാർ ലാന്പുകൾ രണ്ടുമാസം മുന്പ് സ്ഥാപിച്ചിരുന്നു.
ഹൈപവർ ജനറേറ്റർ, രണ്ടു ഓഫീസ് കെട്ടിടങ്ങൾ, കണ്ട്രോൾ റൂം എന്നിവയും പൂർത്തിയായി. കോവിഡ് 19 കാലഘട്ടമായതിനാൽ ഉദ്ഘാടനം ചെറിയതോതിലാകും ഉണ്ടാകുക. ഒരു മാസത്തിനകം അവസാനവട്ട മിനുക്കുപണികൾ പൂർത്തിയാക്കുന്ന ജോലികളാണ് നടന്നുവരുന്നത്.
25 വർഷം മുന്പുവരെവരെ അണക്കെട്ടിൽ ജലസേചനത്തിനുപുറമെ നല്ലരീതിയിലുള്ള ഉദ്യാനവുമുണ്ടായിരുന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ സ്കൂളുകൾ അടയ്ക്കുന്നതോടെ വിനോദസഞ്ചാരികളും വിദ്യാർത്ഥികളും വൻതോതിൽ അണക്കെട്ടിലേക്കും ഉദ്യാനത്തിലേക്കും എത്തുമായിരുന്നു.
പിന്നീട് പകൽസമയത്ത് സന്ദർശകർ കുറഞ്ഞതോടെ അണക്കെട്ട് പരിസരം സാമൂഹ്യവിരുദ്ധർ കൈയേറി അക്രമപ്രവർത്തനങ്ങൾ തുടർന്നു. ഇതോടെ അണക്കെട്ട് സംരക്ഷണത്തി നായി പരിസ്ഥിതി പ്രവർത്തകർ, നാട്ടുകാർ, പൗരപ്രമുഖർ തുടങ്ങിയവർ മുറവിളികൂട്ടി.
തുടർന്നാണ് ഇക്കാര്യത്തിൽ അണക്കെട്ട് സംരക്ഷണത്തിനു അധികൃതർ രംഗത്തെത്തുകയായിരുന്നു. ഇതിനായി അണക്കെട്ടിനകത്ത് അനുവാദമില്ലാതെ ആർക്കും അകത്തേക്ക് കടക്കാൻ കഴിയാത്തവിധം സംരക്ഷണ നടപടികൾ തുടങ്ങി.
നിലവിൽ പരിസരവാസികൾ വീടുകളിലേക്കും തിരിച്ചുവരാൻ കനത്ത നിരീക്ഷണത്തോടെ ഒരുവഴിമാത്രമാണ് അനുവദിച്ചിരിച്ചിരിക്കുന്നത്. അണക്കെട്ട് നവീകരണം പൂർത്തിയാവുന്നതോടെ മുന്പ് സന്ദർശകർക്ക് ലഭിച്ചിരുന്ന സൗകര്യങ്ങൾ സുരക്ഷിതമായി പുനഃസ്ഥാപിക്കുമെന്നത് നാട്ടുകാരിൽ പ്രതീക്ഷ വളർത്തുന്നു.