മനസില്ലാ മനസ്സോടെയാണ് കൂട്ടുനിന്നത് ! വീഴ്ത്തിയത് സ്‌നേഹത്തില്‍ കുടുക്കി; സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തല്‍ കേട്ട് അമ്പരന്ന് കസ്റ്റംസ്…

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തല്‍ ഏവരെയും ഞെട്ടിക്കുകയാണ്. സ്വപ്‌നയുമായുള്ള വൈകാരിക അടുപ്പം മുതലെടുത്താണ് സരിത്ത് ഇവരെ ചൂഷണം ചെയ്തതെന്നും കള്ളക്കടത്തിന് ഉപയോഗിച്ചതെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് കസ്റ്റംസ് ഇപ്പോള്‍ പുറത്തു വിടുന്നത്.

കോണ്‍സുലേറ്റില്‍ എല്ലാം നിയന്ത്രിച്ചിരുന്ന സ്വപ്നയുടെ സഹായമില്ലാതെ കടത്ത് എളുപ്പമല്ലെന്നു അറിഞ്ഞതോടെയാണു സഹായം തേടിയത്. സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തതു ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയെന്നു രണ്ടാം പ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ട്.

സരിത്തും സന്ദീപും റമീസും ചേര്‍ന്നാണു ഗൂഢാലോചന നടത്തിയതെന്നും പിന്നീടു തന്റെ സഹായം തേടുകയായിരുന്നെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. മനസില്ലാമനസോടെയാണു താന്‍ അതിനു കൂട്ടുനിന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു തന്നോടുള്ള അടുപ്പവും പ്രതികള്‍ മുതലെടുത്തു.

യു.എ.ഇ. തനിക്കു മാതൃരാജ്യംപോലെയും കോണ്‍സുല്‍ ജനറലും കുടുംബവും തനിക്കു ബന്ധുക്കളെപ്പോലെ വേണ്ടപ്പെട്ടവരുമാണ്. എന്നിട്ടും താന്‍ കൂട്ടുനിന്നതു സരിത്തിനുവേണ്ടിയാണെന്നും സ്വപ്ന പറയുന്നു. പല കാര്യങ്ങളും ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതു പണത്തോടുള്ള ആര്‍ത്തിയല്ലെന്നും സരിത്തുമായുള്ള ബന്ധമാണെന്നും സ്വപ്ന ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു.

തന്റെ ലോക്കറില്‍നിന്നു പിടിച്ചെടുത്ത പണവും സ്വര്‍ണവും കള്ളക്കടത്തിലെ ലാഭമല്ലെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. 21 തവണ നയതന്ത്ര ചാനല്‍വഴി സ്വര്‍ണം കടത്തിയതില്‍, ആദ്യ തവണകളില്‍ ലഭിച്ച ലാഭം അടുത്ത തവണ മുതല്‍മുടക്കുകയായിരുന്നു. കിട്ടിയതെല്ലാം ഉള്‍പ്പെടുത്തിയാണ് അവസാന കടത്ത് നടത്തിയത്.

ഇത് കസ്റ്റംസ് പിടികൂടിയതോടെ സ്വര്‍ണക്കടത്ത് വഴിയുള്ള തങ്ങളുടെ സമ്പാദ്യവും ലാഭവും മുഴുവന്‍ നഷ്ടപ്പെട്ടെന്നും ഇവര്‍ പറയുന്നു. എന്നാല്‍, ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിച്ചിട്ടില്ല. അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളില്‍ പലരും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്നും സ്വപ്ന സമ്മതിച്ചിട്ടുണ്ട്.

ബംഗളുരുവിലെ റെയ്ഡില്‍ പിടിയിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദും സ്വര്‍ണക്കടത്ത് കേസിലെ അഞ്ചാം പ്രതി കെ.ടി. റമീസുമായി അടുത്തബന്ധമാണ് സ്വപ്‌നയ്ക്കുള്ളത് സ്വപ്ന വിദേശത്തുവച്ചു റമീസുമായി പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നയതന്ത്ര ബാഗേജ് വഴി ലഹരിക്കടത്തു നടത്തിയിട്ടുണ്ടോയെന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്.

പ്രതികളുടെ എല്ലാവരുടെയും സ്വത്തു വിവരങ്ങള്‍ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജില്ലാ രജിസ്ട്രാര്‍മാര്‍ക്ക് കത്ത് നല്‍കിയിരുന്നു. പക്ഷേ, പലര്‍ക്കും കാര്യമായ സ്വത്ത് നാട്ടിലില്ലെന്നാണു റിപ്പോര്‍ട്ട്. ഇവരുടെ സ്വത്തുക്കള്‍ മിക്കതും ബിനാമി പേരുകളിലാണെന്നാണു സംശയം. ഇതു കണ്ടെത്തുക പ്രയാസമാണെങ്കിലും ബന്ധുക്കളുടെ സ്വത്ത് വിവരംകൂടി പരിശോധിക്കാനാണ് എന്‍ഫോഴ്സ്മെന്റിന്റെ തീരുമാനം.

അതേ സമയം കഴിഞ്ഞ ദിവസവും സെക്രട്ടറിയേറ്റിനു സമീപം സ്വപ്‌ന താമസിച്ചിരുന്ന ഫ്‌ളാറ്റിലും അന്വേഷണ സംഘം പരിശോധന നടത്തി.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുടെ ശുപാര്‍ശ പ്രകാരമാണു സ്വപ്നയ്ക്കു ഫ്ളാറ്റ് എടുത്തു നല്‍കിയത്. കോണ്‍സുലേറ്റിന്റെ പേരില്‍ തുടങ്ങിയ ബാങ്ക് അക്കൗണ്ടുകള്‍, നിയമനങ്ങള്‍ തുടങ്ങിയവ പരിശോധിക്കുമെന്നാണു വിവരം.

Related posts

Leave a Comment