1942 ജൂലൈ 23. അന്നാണ് ലോകം കണ്ട ക്രൂരയായ സ്ത്രീകളുടെ കൂട്ടത്തിൽ എണ്ണപ്പെട്ട മിര ഹിന്ദ്ലി ഇംഗ്ലണ്ടിലെ ക്രംപ്സാലിൽ പിറന്നുവീണത്. ദരിദ്രമായ ചുറ്റുപാടിലായിരുന്നു അവളുടെ ജനനം.
മിരയുടെ പിതാവ് നെല്ലി പട്ടാളത്തിൽ പാരച്യൂട്ട് റെജിമെന്റിൽ സേവനമനുഷ്ഠിച്ചയാളാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. പട്ടാളക്കാരിലെ കർക്കശക്കാരൻ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.
എന്നാൽ, പട്ടാളക്കാരനായിരുന്നെങ്കിലും വീട്ടിൽ അത്ര വലിയ സാന്പത്തിക ചുറ്റുപാടൊന്നും ഇല്ലായിരുന്നു. അങ്ങനെ കുടുംബത്തിനു വേണ്ടി പണം സന്പാദിക്കുന്നതിൽ അദ്ദേഹം അത്ര തത്പരനുമായിരുന്നില്ല.
കർശനക്കാരൻ
മക്കൾ ജീവിതത്തിലെ ഏതു പ്രതിസന്ധികളെയും ആർജവത്തോടെ നേരിടണമെന്ന പക്ഷക്കാരനായിരുന്നു നെല്ലി. ഇതിനായി മക്കളെ അദ്ദേഹം ഉപദേശിക്കുകയും അവരെ അതിനു പ്രാപ്തരാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
പിതാവിന്റെ കടുത്ത നിലപാടുകൾ പക്ഷേ, മിരയിൽ വിപരീതഫലമാണ് ഉളവാക്കിയത്. ജീവതത്തിൽ നിഷേധിക്കപ്പെട്ടതും അപ്രാപ്യമായതുമൊക്കെ ഏതുവിധേനയും സ്വന്തമാക്കണമെന്ന ആഗ്രഹം അവളിൽ വളർന്നുതുടങ്ങി.
പിതാവിന്റെ കാർക്കശ്യം മൂലം ദാരിദ്രത്തിന്റെ പരുക്കൻഭാവങ്ങൾ ചെറുപ്പംതൊട്ടേ അനുഭവിച്ചതിനാൽ പണത്തോടു വല്ലാത്തൊരു ആർത്തി അവളിൽ രൂപപ്പെട്ടു.
ഈ ആർത്തി അവളിൽ എങ്ങനെയും പണവും സുഖസൗകര്യങ്ങളും സാന്പാദിക്കുക എന്ന മാനസികാവസ്ഥയിലേക്ക് എത്തിച്ചു. ഒരു ക്രിമിനലിനു രൂപപ്പെടാൻ ഇതിൽ വലിയ സാഹചര്യങ്ങളുടെ ആവശ്യമുണ്ടായിരുന്നില്ല.
മുത്തശിയോടൊപ്പം
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ തൊഴിലാളിവർഗ പ്രദേശമായ ഗോർട്ടണിൽ അവൾ മാതാപിതാക്കളോടൊപ്പമായിരുന്നു ആദ്യ കാലഘട്ടത്തിൽ അവളുടെ ജീവിതം.
പിതാവ് മാത്രമല്ല, അമ്മയും ശരിയായ രീതിയിലായിരുന്ന മക്കളെ കൈകാര്യം ചെയ്തിരുന്നത്. ചെറിയ തെറ്റുകൾക്കുപോലും അമ്മ അവളെ ശകാരിക്കുകയും അടിക്കുകയുമൊക്കെ ചെയ്തിരുന്നു.
1946 ഒാഗസ്റ്റിൽ ഒരു സഹോദരികൂടി മിരയ്ക്കുണ്ടായി. സഹോദരി ജനിച്ചതോടെ രണ്ടു കുട്ടികളെ വളർത്താൻ പാടുപെട്ട മാതാപിതാക്കൾ മുത്തശിക്കൊപ്പം വളർത്താൻ മിരയെ മാഞ്ചസ്റ്ററിലേക്കു വിട്ടു. മാഞ്ചസ്റ്റർ ജീവിതമാണ് മിരയിൽ വലിയ മാറ്റങ്ങൾക്കു വഴിവച്ചത്.
കുറ്റകൃത്യങ്ങളുടെ വലിയൊരു വാതായനം അവൾക്കു മുന്നിൽ തുറക്കുകയായിരുന്നു. ഇംഗ്ലീഷ് സീരിയൽ കില്ലർ എന്നു പിൽക്കാലത്ത് അറിയപ്പെടാനും മാഞ്ചസ്റ്റർ താമസം കാരണമായി.
എട്ടാം വയസിൽ പ്രതികാരം
മിരയ്ക്ക് എട്ടു വയസുള്ളപ്പോഴാണ് ആദ്യമായി മിര ഒരാളോടു പ്രതികാരം ചെയ്തത്. തന്റെ ജീവിതത്തിലെ ആദ്യ വിജയം എന്നാണ് മിര പിന്നീട് ഈ സംഭവത്തെ പിന്നീടു വിശേഷിപ്പിച്ചത്.
മാഞ്ചസ്റ്ററിൽ മുത്തശിയോടൊപ്പം കഴിയുന്പോൾ അവിടെയുള്ള ഒരു പയ്യൻ മിരയുടെ കവിളിൽ കുത്തിയത്രേ. കവിളിൽ ചോര പൊടിഞ്ഞതുകണ്ട് പൊട്ടിക്കരഞ്ഞു മിര പിതാവിന്റെ അടുത്തെത്തി. പിതാവ് അവൾക്കു ധൈര്യംനൽകി.
അങ്ങനെ പയ്യനോടു പ്രതികാരം ചെയ്യണമെന്ന അവളിൽ വളർന്നു. അങ്ങനെ ഒരു ദിവസം ആ പയ്യനെ തിരികെ ആക്രമിച്ച് അവൾ പ്രതികാരം തീർത്തു. ഈ സംഭവം പിന്നീടുള്ള മിരയുടെ ക്രിമിനൽ ജീവിതത്തിന്റെ അടിത്തറപാകലായിട്ടാണ് വിലയിരുത്തുന്നത്.
ജൂഡോ പാഠങ്ങൾ
നാട്ടിലെ ഇലക്ട്രിക്കൽ എൻജിനിയറിംഗ് സ്ഥാപനത്തിൽ ജൂനിയർ ഗുമസ്തയായിട്ടായിരുന്നു മിരയുടെ ആദ്യ ജോലി. ചെറുപ്പത്തിൽത്തന്നെ അവൾ ആയോധന കലകൾ പഠിക്കാനും താല്പര്യം കാട്ടിയിരുന്നു. ജൂഡോ പാഠങ്ങൾ അവൾക്കു കരുത്തും ആത്മവിശ്വാസവും നേടിക്കൊടുത്തു.
മറ്റുള്ളവരെ നേരിടുന്നതിൽ യാതൊരു മയവും അവൾ കാണിച്ചിരുന്നില്ല. മിരയുമായി പരിശീലനം നടത്താൻ പോലും ക്ലാസിലുള്ള മറ്റു കുട്ടികൾ മടിച്ചിരുന്നു. കാരണം പരിശീലനമാണെന്ന വിചാരമില്ലാതെ, ഒരു ദാക്ഷിണ്യവുമില്ലാതെ എതിരാളിയെ അവൾ ആക്രമിക്കുമായിരുന്നു.
വഴി തെറ്റിച്ചവൻ
ഇയാൻ ബ്രാഡി എന്ന യുവാവ് അവളുടെ ജീവിതത്തിലേക്കു കടന്നുവന്നതാണ് എല്ലാത്തിനും തുടക്കമിട്ടത്. 1961ൽ ആയിരുന്നു ആ കൂടിക്കാഴ്ച. ആദ്യ കൂടിക്കാഴ്ചയിൽതന്നെ ഇരുവരും അടുത്തു. ആ അടുപ്പം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറി.
(തുടരും)