ഉത്തരകൊറിയൻ വാർത്തകൾ അറിയാൻ മലയാളികൾക്ക് വലിയ താത്പര്യവുമാണ്. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെക്കുറിച്ചുള്ള കഥകൾ പലപ്പോഴും അത്ഭുതപ്പെടുത്തുന്നതാണ്.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ കിം ജോങ് ഉന്നിനെക്കുറിച്ചുള്ള വാർത്തകൾ മാത്രമേ പുറത്തുവരാറുള്ളൂ. അവിടുത്തെ ജനങ്ങളെക്കുറിച്ചോ മറ്റ് സൗകര്യങ്ങളെക്കുറിച്ചോ ഉള്ള വാർത്തകളൊന്നും പുറലോകമറിയാറില്ല.
ഉത്തര കൊറിയയിലെ ജനങ്ങൾ അനുഭവിക്കുന്ന കടുത്ത അനീതികളെ കുറിച്ച് ലോകത്തിന് മുന്നിൽ തുറന്നു സംസാരിക്കാൻ ധൈര്യം കാണിച്ച പെൺകുട്ടിയാണ് ഇയോൻമി പാർക്ക്. 2014 -ൽ വൺ യങ് വേൾഡ് ഉച്ചകോടിയിൽ വച്ചാണ് അവർ ആദ്യമായി ഉത്തരകൊറിയയിലെ നരകജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞത്.
ദുരിതവഴി
13 -ാം വയസ്സിലാണ് ഇയോൻമി അമ്മയോടൊപ്പം ഉത്തര കൊറിയയിൽ നിന്ന് ഓടിപ്പോന്നത്. 2007 -ൽ തണുത്തുറഞ്ഞ യാലു നദി കടന്ന് ചൈനയിലെത്തിയ അവരെ കാത്തിരുന്നത് കൊടിയ ദുരിതങ്ങളായിരുന്നു. ചൈനയിലെത്തിയ അമ്മയെയും മകളെയും ഒരു മനുഷ്യക്കടത്തുകാരൻ ബലാത്സംഗം ചെയ്തു.
അവശ്യം കഴിഞ്ഞപ്പോൾ അയാൾ ഇരുവരെയും ലൈംഗിക അടിമകളായി വിറ്റു. വെറും 300 ഡോളറിനാണ് സംഘം അവളെ വിറ്റത്. ഉത്തര കൊറിയൻ സംഘങ്ങൾ ചൈനയിലേക്ക് സ്ത്രീകളെ കടത്തുന്നത് അസാധാരണ സംഭവമല്ല.
ഇങ്ങനെ കടത്തുന്ന സ്ത്രീകൾ വേശ്യകളായി ജോലി ചെയ്യുന്നു. ലഭിക്കുന്ന പണംരാജ്യത്ത് പട്ടിണി കിടക്കുന്ന കുടുംബത്തിന് അയച്ചു കൊടുക്കുന്നു.
അവർക്കൊപ്പം രണ്ട് വർഷം കഴിഞ്ഞ ഇയോൻമിയും അമ്മയും തങ്ങളുടെ ജീവൻ പണയപ്പെടുത്തിയാണ് ഗോബി മരുഭൂമി കടന്ന് മംഗോളിയയിലേക്ക് രക്ഷപ്പെട്ടത്. അവർ പിന്നീട് സിയോളിലേക്കും, ന്യൂയോർക്ക് സിറ്റിയിലേക്കും ഒടുവിൽ ചിക്കാഗോയിലേയ്ക്കും എത്തിച്ചേർന്നു.
സുഹൃത്തുക്കളില്ല, സഖാക്കൾ മാത്രം
അമേരിക്കയിലെ വീട്ടിൽ നിന്ന് ഉത്തരകൊറിയയിലെ ഇരുണ്ട ഭൂതകാലത്തെ കുറിച്ച് അവർ ന്യൂയോർക്ക് പോസ്റ്റിനോട് വിവരിച്ചു. പട്ടിണിമൂലം മരിച്ചവരുടെ ശവങ്ങൾ ഉത്തര കൊറിയയിലെ തെരുവുകളിൽ കാണുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നുവെന്ന് ഇയോൻമി പറയുന്നു. ഞാൻ മുംബൈയിലെ ചേരികൾ സന്ദർശിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലെ ചേരികളിലും പോയിട്ടുണ്ട്.
പക്ഷേ, ഉത്തരകൊറിയയിലെ പട്ടിണിയോളം വേറെ എവിടെയും കണ്ടിട്ടില്ല. ജീവൻ നിലനിർത്താനായി പ്രാണികളെ പോലും ഭക്ഷിക്കേണ്ടി വന്നിട്ടുണ്ട്.
ഉത്തരകൊറിയ കൊടുംപട്ടിണിയിലാണ്. പക്ഷെ ഭരണകൂടത്തിന് ഇപ്പോഴും താത്പര്യം ആണവ പദ്ധികളാണ്. ആണവായുധങ്ങൾക്കായി രാജ്യം ചെലവഴിക്കുന്ന തുകയുടെ 20 ശതമാനം മാത്രം മതി അവിടത്തെ ജനങ്ങളുടെ പട്ടിണി മാറ്റാൻ.
അമാനുഷിക ശക്തിയുള്ള ദൈവത്തിന്റെ പ്രതിരൂപമായാണ് കിം കുടുംബത്തെ രാജ്യം കാണുന്നത്. ഉത്തര കൊറിയയിൽ സുഹൃത്തുക്കളില്ലെന്നും സഖാക്കൾ മാത്രമേ ഉള്ളൂവെന്നും അവർ പറഞ്ഞു.
നന്ദിയുണ്ട്…
ഇത്രയൊക്കെ ദുരനുഭവങ്ങൾ ഉണ്ടായിരുന്നിട്ടും, ഉത്തര കൊറിയയിൽ ജനിച്ചതിൽ തനിക്ക് കടപ്പാടുണ്ടെന്ന് ഇയോൻമി പറഞ്ഞു. “ഞാൻ ആ അടിച്ചമർത്തലിലും, ഇരുട്ടിലും ജനിച്ചില്ലായിരുന്നെങ്കിൽ, പുറത്തുള്ള വെളിച്ചം ഞാൻ കാണുമായിരുന്നില്ല.’
ഞാൻ ജീവിക്കുന്ന ഈ ലോകം എത്ര സുന്ദരമാണെന്ന് തിരിച്ചറിയാൻ, ഉത്തര കൊറിയയിലെ എന്റെ കുട്ടിക്കാലം എന്നെ സഹായിച്ചു’ അവർ കൂട്ടിച്ചേർത്തു. ഇപ്പോൾ ചിക്കാഗോയിൽ ഭർത്താവിനും, ഇളയ മകനുമൊപ്പമാണ് ഇയോൻമിയുടെ താമസം.
ഉത്തര കൊറിയയിൽ നിന്ന് ഇയോൻമി രക്ഷപ്പെട്ട ശേഷം അവരുടെ ബന്ധുക്കളിൽ ചിലരെ കാണാതായിയെന്ന് അവർ പറയുന്നു. അവരെ വധിക്കുകയോ, ഉത്തര കൊറിയയിലെ ജയിൽ ക്യാമ്പുകളിലേക്ക് അയയ്ക്കുകയോ ചെയ്തിരിക്കാമെന്നാണ് ഇയോൻമി പറയുന്നത്.
ഉത്തരകൊറിയയിലെ ജീവിതത്തെക്കുറിച്ച് In Order to Live: A North Korean Girl’s Journey to Freedom Paperback എന്ന പുസ്തകവും ഇയോൻമി എഴുതിയിട്ടുണ്ട്.