പത്തനംതിട്ട: കോവിഡ് സമ്പര്‍ക്കവ്യാപനം അതിരൂക്ഷമാകുകയാണ്. ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്യാത്ത പല പ്രദേശങ്ങളിലേക്കും രോഗം പടരുന്നതായാണ് ഫലങ്ങള്‍ നല്കുന്ന സൂചന.
ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.05 ശതമാനത്തിലെത്തി. ഇതാദ്യമായാണ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിനു മുകളിലെത്തുന്നത്. ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം കണ്ടെത്തിയവരില്‍ ക്ലസ്റ്റര്‍ വ്യാപനത്തിനു പുറത്ത് 47 പേര് നേരത്തെ പോസിറ്റീവായവരുടെ സമ്പര്ക്കത്തിലൂടെയുള്ളവരാണ്. 22 പേരുടെ സമ്പര്ക്കപ്പശ്ചാത്തലവും വ്യക്തമല്ല.
രോഗവ്യാപനം പുതിയ പ്രദേശങ്ങളിലേക്ക്
നേരത്തെ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവരിലേക്കുള്ള രോഗവ്യാപനം പുതിയ പ്രദേശങ്ങളിലേക്കാണ് ഏറെയും.
വയല, കുടുമുരുട്ടി, നാരങ്ങാനം, കോയിപ്രം, വായ്പൂര്, കൊറ്റനാട്, എഴുമറ്റൂര്‍, തുവയൂര്‍ സൗത്ത്, പെരിങ്ങനാട്, മുന്നാളം, ഏനാത്ത്, ഇരവിപേരൂര്‍, തുകലശേരി, വെണ്ണിക്കുളം, വെണ്‍പാല, അഴിയിടത്തുചിറ, കുന്നന്താനം, മുട്ടം പ്രദേശങ്ങളില്‍ ഇത്തരത്തില്‍ സമ്പര്‍ക്ക വ്യാപനമുണ്ട്. ജില്ലയില്‍ 13 ക്ലസ്റ്ററുകള്‍ നിലവിലുണ്ട്.
കടയ്ക്കാട്, കടമ്പനാട്, നെല്ലാട് എന്നിവ ലാര്‍ജ് ക്ലസറ്ററുകളായി നിലനില്‍ക്കുകയാണ്. തിരുവല്ലയിലെ രണ്ട് സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് സ്ഥാപന ക്ലസ്റ്ററുകളുണ്ട്. അടൂര്‍ കണ്ണങ്കോട് ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററില്‍ 51 രോഗികളായി.
തിരുവല്ല താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചുള്ള ക്ലസ്റ്ററില്‍ 12 രോഗികളായി. ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററുകളില്‍ തിരുമൂലപുരം കൊല്ലാകുന്നില് കോളനിയില്‍ നിന്ന് 34 പേരില്‍ രോഗം കണ്ടെത്തി. അടൂര്‍ കുടുക്കച്ചിറ കോളനി കേന്ദ്രീകരിച്ച് അഞ്ചുപേരിലും വകയാര്‍ ലക്ഷംവീട് കോളനിയില്‍ മൂന്നുപേരിലും രോഗബാധ കണ്ടെത്തി.
കോഴഞ്ചേരി മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ അഞ്ച് രോഗികളാണുള്ളത്. ചിറ്റാര്‍ മാര്‍ക്കറ്റില്‍ പുതിയ ഒരു ലിമിറ്റഡ് ക്ലസ്റ്റര്‍ രൂപംകൊണ്ടു. സമ്പര്‍ക്കവ്യാപന സാധ്യത കണ്ടതോടെ പറക്കോട് മാര്‍ക്കറ്റും പുതിയ ഒരു ക്ലസ്റ്ററാകും.
വയല, കീക്കൊഴൂര്‍, കോഴഞ്ചേരി, നാരങ്ങാനം, കുടമുരുട്ടി, തുവയൂര്‍, പെരിങ്ങനാട്, തിരുവല്ല, മഞ്ഞാടി, പുറമറ്റം, തീയാടിക്കല്‍, വള്ളംകുളം, മുട്ടം, മണ്ണീറ, മല്ലപ്പള്ളി വെസ്റ്റ് പ്രദേശങ്ങളില്‍ ഇന്നലെ ഉറവിടം വ്യക്തമാകാത്ത രോഗികളുമുണ്ട്.