മുന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെയും ബാഴ്സലോണയുടെയും മിഡ്ഫീല്‍ഡറായ ഐവറി കോസ്റ്റ് താരം യായ ടുറെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ “”ചൂടേറിയ” ചര്‍ച്ചാവിഷയമാണ്. ടീം അംഗങ്ങള്‍ക്കുവേണ്ടി വാടകയ്ക്കു പെണ്ണുങ്ങളെ താമസിക്കുന്ന ഹോട്ടലില്‍ എത്തിക്കുമെന്നു വീമ്പിളക്കിയതാണ് താരത്തിനു വിനയായത്.
കുട്ടികള്‍ക്കുവേണ്ടി പണം സ്വരൂപിക്കാന്‍ യൂണിസെഫിന്റെ പിന്തുണയോടുകൂടി നടത്തുന്ന സോക്കര്‍ എയ്ഡ് ചാരിറ്റി മത്സരത്തിനു മുന്‍പാണ് താരത്തിന്റെ ചൂടൻവാഗ്ദാനം ഫുട്ബോൾ താരങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് എത്തിയത്.
വനിതാതാരങ്ങൾ അടക്കമുള്ളവർ ഉൾപ്പെടുന്ന ഗ്രൂപ്പിലേക്ക് ഈ മെസേജ് എത്തിയതോടെ സ്ഫോടനം നടന്നു എന്നു പറയാം. അതോടെ ടുറെ ടീമിൽനിന്നു തന്നെ തെറിച്ചു.
വിവാദം ഇങ്ങനെ…
വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ് 37കാരനായ ടുറെ. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനെത്തിയ ടീം താമസിക്കുന്ന ചെഷയറിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ 19 പെണ്‍കുട്ടികളെ കൊണ്ടുവരാന്‍ കഴിയുമെന്നായിരുന്നു ടുറെയുടെ വീരസ്യം പറച്ചിൽ.
കൂടാതെ തന്റെ ടീമായ വേള്‍ഡ് ഇലവന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഒരു അശ്ലീല വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിരവധി വനിത കളിക്കാരും സെലിബ്രിറ്റികളും ഉണ്ടായിരുന്നു.
അപ്രതീക്ഷിതമായി വന്ന ആ പോസ്റ്റ് ടീം അംഗങ്ങളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. അതോടെ ടുറെയ്ക്കെതിരേ വലിയ വിമര്‍ശനങ്ങളും പരാതികളും ടീമില്‍നിന്ന് ഉയര്‍ന്നു. യൂണിസെഫിന്റെയും മത്സരം സംപ്രേഷണം ചെയ്യുന്ന ഐടിവിയുടെയും മേധാവികളെയും സംഭവം അറിയിച്ചതോടെ ടുറെ പോസ്റ്റ് ഉടൻ നീക്കംചെയ്തു.
ട്വിറ്ററിലെ ക്ഷമാപണം…
സംഗതി കൈവിട്ടു പോയെന്നു കണ്ട ടുറെ തുടരെ മാപ്പപോക്ഷ തുടങ്ങി. ”സോക്കര്‍ എയ്ഡുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാവരോടും താന്‍ മാപ്പ് അപേക്ഷിക്കുന്നു. ഒരു തമാശയ്ക്കായിരുന്നു അതു ചെയ്തത്. എന്നാല്‍, മറ്റുള്ളവരുടെ വികാരത്തെ എങ്ങനെ ബാധിക്കുമെന്നു ആലോചിക്കേണ്ടതായിരുന്നു.
ചാരിറ്റി മത്സരത്തിലേക്കു വേണ്ടിയിരുന്ന ശ്രദ്ധ ഇത്തരത്തിലൊരു അനുചിതമായ തമാശയിലേക്കു തിരിച്ചുവിട്ടതില്‍ ദുഃഖിക്കുന്നു. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കുന്നു ” എന്നായിരുന്നു ടുറെ ട്വിറ്ററില്‍ കുറിച്ചത്. ട്വീറ്ററിൽ രൂക്ഷവിമർശനങ്ങളും താരം ഏറ്റുവാങ്ങേണ്ടി വന്നു.
ഒരു മാപ്പില്‍ തീരില്ല…
എന്നാൽ, ഇതൊരു മാപ്പില്‍ ഒതുക്കാന്‍ പറ്റിയ തെറ്റല്ലെന്ന നിലപാടിലാണ് ടീം അംഗങ്ങളും സോക്കര്‍ എയ്ഡ് ജീവനക്കാരും. ടുറെ അശ്ലീല പോസ്റ്റ് ഇട്ട വാട്സ്ആപ്പ് ഗ്രൂപ്പില്‍ വേള്‍ഡ് ഇലവനിലെ അംഗങ്ങളായ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പാട്രിസ് എവ്ര, വനിതാ താരങ്ങളായ ജൂലി ഫ്ലീറ്റിംഗ്, ലിയാന് സാന്ഡേഴ്സണ്, ചെല്‍സീ ഗ്രിംസ് തുടങ്ങിയവരും ഇവരുടെ എതിര് ടീമായ ഇംഗ്ലണ്ട് ഇലവന് ടീമിലെ കളിക്കാരും പരിശീലകരും ഉണ്ടായിരുന്നു.
ഗോള്‍ കീപ്പറായ ഡേവിഡ് ജെയിംസിനെ ഈ സന്ദേശം രോഷാകുലനാക്കി. സംഭവത്തെത്തുടര്‍ന്ന് സോക്കര്‍ എയ്ഡിലേക്കും ഐടിവിക്കും നിരവധി പരാതികള്‍ നല്കി.
ഇരു ടീമുകളും തമ്മിലുള്ള അന്തരീക്ഷം വളരെ നല്ലതായിരുന്നു, ആവേശം ഉയര്‍ന്നതായിരുന്നു. എന്നാല്‍, ഈ സന്ദേശങ്ങള്‍ ശരിക്കും ആ ആവേശത്തെ ഇല്ലാതാക്കി എന്നാണ് മത്സരവുമായി ബന്ധപ്പെട്ട ജീവനക്കാര്‍ പറയുന്നത്.
കളത്തിനു പുറത്ത്
സംഭവത്തെത്തുടര്‍ന്ന് സോക്കര്‍ എയ്ഡുമായി നടത്തിയ ചര്‍ച്ചയില്‍ ഈ വര്‍ഷം മത്സരത്തില്‍നിന്നു മാറി നില്ക്കാന് ടുറെ തീരുമാനിച്ചു. കളിക്കാര്‍ താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ട്. കളിക്കാര്‍ക്കു മാത്രമായി ഹോട്ടല്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. മറ്റാര്‍ക്കും അങ്ങോട്ടു പ്രവേശിക്കാന്‍ സാധിക്കില്ല.
അതുകൊണ്ടുതന്നെ ടുറെ പറഞ്ഞതുപോലെയൊന്നും സംഭവിക്കില്ല. ചെയ്തു പോയ മണ്ടത്തരത്തിനുള്ള വിലയാണ് ഇപ്പോള്‍ അദ്ദേഹം അനുഭവിക്കുന്നതെന്നു സംഘാടകർ പറഞ്ഞു.
തയാറാക്കിയത്: കെ.എം. വൈശാഖ്