കുട്ടിക്കാലത്ത്, പറവകളുടെ ചിറകിലേറി ലോകം ചുറ്റിക്കാണുന്ന നിമിഷം സ്വപ്നം കണ്ടിട്ടുള്ളവരാണ് നമ്മൾ എല്ലാവരും. എന്നാൽ, ഇനിയിപ്പോൾ ആ ആഗ്രഹവും ഉടൻതന്നെ സാക്ഷാത്കരിക്കപ്പെടും. യാത്രക്കാരെ ചിറകിലിരുത്തി പറന്നുയരാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ഫ്ളൈയിം വി എന്ന വിമാനം.
വി ആകൃതിയായതിനാലാണ് വിമാനത്തിനു ഫ്ളൈയിംഗ് വി എന്നു പേരു നൽകിയിരിക്കുന്നത്. ഡച്ച് നിർമിതമായ ഈ വിമാനം ആദ്യഘട്ട പരീക്ഷണ യാത്ര വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു.
സാധാരണ വിമാനത്തിന്റെ നടുഭാഗത്താണ് യാത്രക്കാരുടെ ഇരിപ്പിടവും മറ്റു സംവിധാനങ്ങളുമെല്ലാം ഒരുക്കുന്നത്. ചിറകുകൾ സാങ്കേതിക കാര്യങ്ങൾക്കു മാത്രമേ ഉപയോഗിക്കുന്നുള്ളൂ.
എന്നാൽ, പുതിയ വിമാനത്തിൽ രണ്ടുവശത്തേക്കുമുള്ള ചിറകുകളിൽ യാത്രക്കാരുടെ സീറ്റുകൾ ഉണ്ടാകും. മാത്രമല്ല, ഇന്ധനം നിറയ്ക്കുന്ന ടാങ്ക്, കാർഗോ സ്പേസ് തുടങ്ങിയവയെല്ലാം വിമാനത്തിന്റെ ഇരു ചിറകുകളിലുമായാണ് ഒരുക്കിയിരിക്കുന്നത്.
വി രൂപം
വിമാനത്തിന്റെ ഇംഗ്ലീഷിലെ V രൂപം വായുവിനെ കീറിമുറിച്ചുള്ള യാത്ര കൂടുതൽ എളുപ്പമാക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. കൂടുതൽ ആയാസമില്ലാതെ മുന്നോട്ടുപോകാനാകും.
ഇതുവഴി ഇന്ധന ഉപയോഗം 20 ശതമാനത്തോളം കുറയ്ക്കുക എന്നതാണ് പുത്തൻ മാതൃകയിലേക്കുള്ള മാറ്റത്തിന്റെ പ്രധാന ലക്ഷ്യം. ദൂരയാത്രകളിലെ ഇന്ധനച്ചെലവ് കുറയ്ക്കാൻ കാര്യമായി കുറയുമെന്നതാണ് നിഗമനം.
പരീക്ഷണം വിജയം
ഈ വർഷം ആദ്യം ജർമനിയിൽ ചെറിയ മോഡലിൽ നടത്തിയ പരീക്ഷണം വിജയിച്ചതോടെയാണ് പദ്ധതിയുമായി മുന്നോട്ടു പോകാൻ വിദഗ്ധർ പച്ചക്കൊടി കാണിച്ചത്.
നെതർലൻഡ്സിലെ ഡെൽഫ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ എൻജിനിയർമാരാണ് വിമാനത്തിന്റെ ടേക്ക് ഓഫ്, ലാൻഡിംഗ്, ആകാശയാത്ര തുടങ്ങിയവ സംബന്ധിച്ച പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്.
വിമാനം ഉയരുന്പോൾ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം എന്നു ഭയന്നെങ്കിലും എല്ലാം പ്രതീക്ഷയ്ക്കൊത്തു മുന്നോട്ടു പോകുകയായിരുന്നുവെന്നു പ്രോജക്ട് ലീഡർ ഡോ. റൂലോഫ് വോസ് പറഞ്ഞു. എന്നാൽ, ലാൻഡിംഗ് പ്രതീക്ഷിച്ചതിനേക്കാൾ അല്പം പരുക്കനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
314 യാത്രക്കാർ
നിലവിലെ യാത്രയുടെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടു ഫ്ളൈയിംഗ് വിയെ മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഗവേഷകർ. ഡെൽഫ്റ്റ് സർവകലാശാലയിൽ വികസിപ്പിച്ചെടുത്ത ഫ്ളൈയിംഗ് വിയുടെ നിർമാണച്ചെലവുകൾ വഹിക്കുന്നത് എയർബസും ഡച്ച് എയർലൈൻ കെഎൽഎമ്മും ചേർന്നാണ്.
314 യാത്രക്കാരെ ഒരേ സമയം ഉൾക്കൊള്ളാൻ സാധിക്കുന്ന ഫ്ളൈയിംഗ് വിയുടെ നീളം 180 അടിയും വീതി 210 അടിയുമാണ്. എന്നാണ് ഫ്ളൈയിംഗ് വീ ആകാശയാത്രയ്ക്കായി സജ്ജമാകുക എന്നറിയാനായി ഇനിയും കാത്തിരിക്കണം.