പേരൂര്‍ക്കട: പ്രമുഖരായ തെന്നിന്ത്യന്‍ നടിമാരെയും അവതാരകരെയും ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടിയ സംഭവത്തില്‍ യുവാവ് പിടിയില്‍. നെടുമങ്ങാട് കരുതപ്പൂര് മല്ലമ്പ്രക്കോണം ഷീജാ ഭവനില്‍ സൂരജ് ദിനേഷ് (25) ആണ് പിടിയിലായത്.
ഒരു പ്രമുഖ തെന്നിന്ത്യന്‍ നടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിറ്റി സൈബര്‍ സെല്ലും റൂറല്‍ സൈബര്‍ സെല്ലും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവ് പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ സൂരജ് ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളയാളാണ്. തെന്നിന്ത്യന്‍ നടിമാരുടെയും അവതാരകരുടെയും ദൃശ്യങ്ങള്‍ തെരഞ്ഞെടുത്തശേഷം അതില്‍ കൃത്രിമമായി അശ്ലീല വീഡിയോയും ഓഡിയോയും എഡിറ്റുചെയ്ത് ചേര്‍ത്തശേഷം ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റില്‍ ആഡ് ചെയ്യും.
തുടര്‍ന്ന് നാടിമാരെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടുകയാണ് സൂരജിന്റെ രീതി.സൂരജ് ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യും എഡിറ്റിംഗിലോ മറ്റോ ഇയാള്‍ക്ക് വേറെ സഹായികള്‍ ആരുമില്ലെന്നും ചാറ്റിംഗിലൂടെയാണ് കബളിപ്പിക്കപ്പെടുന്നവരുമായി ബന്ധപ്പെടുകയും ബ്ലാക്മെയില്‍ ചെയ്ത് പണംതട്ടുകയും ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കരിപ്പൂര്‍ ഭാഗത്തുനിന്ന് ഇയാള്‍ വലയിലാകുന്നത്.
35ഓളം സിനിമാ, സീരിയല്‍ താരങ്ങള്‍ പ്രതിയുടെ വലയില്‍ കുരുങ്ങിയിട്ടുണ്ട്.
കന്റോണ്‍മെന്റ് എസിയുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണ സംഘത്തില്‍ വട്ടിയൂര്‍ക്കാവ് സിഐ എ.എസ് ശാന്തകുമാര്‍, എഎസ്ഐ കെ. ശ്രീകുമാര്‍, എസ്സിപി.ഒ സന്ദീപ് ചന്ദ്രന്, സിപിഒ പി.എസ്. രവി എന്നിവര്‍ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.