വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ പഞ്ചായത്ത് വക പഴയ കല്യാണമണ്ഡപം പൊളിച്ചുമാറ്റി പുതിയ കെട്ടിടം യഥാർത്ഥ്യമാകുന്നത് ഒന്നര പതിറ്റാണ്ടിനുശേഷം.
ഇഎംഎസ് സ്മാരക കമ്യൂണിറ്റി ഹാൾ എന്ന് പേരിട്ടിട്ടുള്ള മൂന്നു നില കെട്ടിട സമുച്ചയം 13ന് മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും. എ.കെ.ബാലന്റെ എം എൽ എ ഫണ്ടിൽ നിന്നും 2.30 കോടി രൂപയും പഞ്ചായത്ത് വിഹിതമായ 1.20 കോടി രൂപയുമായി മൂന്നര കോടി രൂപ ചെലവ് ചെയ്താണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.
എന്നാൽ കെട്ടിട നിർമാണചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് 18,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ കെട്ടിടം നിർമിച്ചിട്ടുള്ളതെന്ന ആരോപണം ഇതിനിടെ ശക്തമാണ്.വാഹനപാർക്കിംഗിന് സ്ഥലം കണ്ടെത്താതെയാണ് കെട്ടിടം പണിതിട്ടുള്ളതെന്നാണ് പ്രധാന പരാതി.
ടൗണിൽ സ്വകാര്യ വ്യക്തികൾ നിർമിച്ചിട്ടുള്ള മിക്ക കെട്ടിടങ്ങൾക്കും പാർക്കിംഗ് സൗകര്യങ്ങളില്ലാത്തതിനാലാണ് ടൗണിനെ വീർപ്പുമുട്ടിക്കുന്ന വാഹനക്കുരുക്കുകൾക്ക് കാരണമാകുന്നതെന്ന കണ്ടെത്തലുകൾ നിലനില്ക്കുന്പോൾ തന്നെ സർക്കാർ പദ്ധതിയിൽ വാഹന പാർക്കിംഗിന് സൗകര്യമില്ലാതെ കെട്ടിടം നിർമിച്ചെന്നാണ് ആരോപണം.
പാവപ്പെട്ട ആളുകൾ കുറഞ്ഞ വാടകയ്ക്ക് വിവാഹം ഉൾപ്പെടെയുള്ള പരിപാടികൾ നടത്താൻ ആശ്രയിച്ചിരുന്ന സ്ഥലമായിരുന്നു പൊളിച്ചുനീക്കിയ കല്യാണമണ്ഡപം. രണ്ട് വർഷത്തിനുള്ളിൽ പുതിയ കെട്ടിടം നിർമിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാൽ കെട്ടിടനിർമ്മാണം അനിശ്ചിതമായി നീണ്ടു പോയി. ടൗണിന്റെ ഹൃദയഭാഗത്ത് കോടികൾ വിലമതിക്കുന്ന സ്ഥലം ഇത്രയും കാലം പാഴായി കിടന്നു. ടൗണിലെത്തുന്നവരുടെ വാഹനം നിർത്തിവെക്കാൻ പോലും സൗകര്യം ഏർപ്പെടുത്താതെ ഗേറ്റ് പൂട്ടിയിട്ടു.
ഇതിനിടെ ടൗണിന്റെ പലഭാഗത്തും സ്വകാര്യ വ്യക്തികളുടെ പേ പാർക്കിംഗ് യാർഡുകൾ നിലവിൽ വന്നു. കാലുകുത്താൻ ഇടമില്ലാത്ത വിധം സ്വകാര്യവ്യക്തികൾ കെട്ടിടങ്ങളും നിരവധി നിർമിച്ചുകൂട്ടി. കല്യാണമണ്ഡപങ്ങളും പലതും ഉയർന്നു. ഒടുവിലാണ് സർക്കാർ കാര്യം മുറപ്പോലെ എന്ന മട്ടിൽ കെട്ടിടം യഥാർത്ഥ്യമായിട്ടുള്ളത്.