വരന്തരപ്പിള്ളി: എസ്ഐയുടെ പേരിൽ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടി. വരന്തരപ്പിള്ളി എസ്ഐ ഐ.സി. ചിത്തരഞ്ജന്റെ പേരിലാണു വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സുഹൃത്തിൽനിന്നും പണം തട്ടിയത്.
അക്കൗണ്ട് ഉണ്ടാക്കിയയാൾ അമ്മയ്ക്കു സുഖമില്ലെന്നും അത്യാവശ്യ ആശുപത്രി ചെലവിനെന്നും പറഞ്ഞാണു എസ്ഐയുടെ ഫ്രണ്ട് ലിസ്റ്റിലുള്ള സന്ദീപ് എന്ന വ്യക്തിയോടു പണം ആവശ്യപ്പെട്ടത്. അയാൾ “ഗൂഗിൾ പേ’ വഴി എഫ്ബി അക്കൗണ്ടിലെ ഫോണ് നന്പറിലേക്കു 8000 രൂപ പണമയച്ചു.
സമാനമായ സന്ദേശം ലഭിച്ച മറ്റൊരു സുഹൃത്ത് വിളിച്ച് വിവരമന്വേഷിച്ചപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. ഉടൻതന്നെ തന്റെ പേരിൽ ഫേസ് ബുക്ക് അക്കൗണ്ട് വഴി തട്ടിപ്പ് നടക്കുന്നുവെന്നു പോസ്റ്റിട്ട എസ്ഐ തൃശൂർ റൂറൽ സൈബർ സെല്ലിൽ വിവരമറിയിച്ചു. പണമയച്ച അക്കൗണ്ട് ഉടൻതന്നെ ബ്ലോക്ക് ചെയ്തു.
പരിശോധനയിൽ ഹരിയാന വിലാസമുള്ള ഐഡിയിൽനിന്നാണു ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. നിലവിൽ 5000 സുഹൃത്തുക്കൾ വീതമുള്ള മൂന്നു ഫേസ് ബുക്ക് അക്കൗണ്ടുകളാണ് എസ്ഐ ചിത്തരഞ്ജനുള്ളത്.
എന്നാൽ, ഇന്നലെ രാവിലെ ഉണ്ടാക്കിയ പുതിയ അക്കൗണ്ടിൽ 150 സുഹൃത്തുക്കൾ മാത്രമേയുള്ളൂ. ഈ അക്കൗണ്ട് സംബന്ധിച്ച് അറിവൊന്നുമില്ലെന്ന് എസ്ഐ പറയുന്നു. എസ്ഐയുടെ പ്രൊഫൈൽ ചിത്രവും കവർ ചിത്രവും തന്നെയാണ് വ്യാജ അക്കൗണ്ടിലും ഉപയോഗിച്ചിരിക്കുന്നത്.
അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ടെന്നും സൈബർ സെല്ലിൽനിന്നും മൊബൈൽ ഫോണ് കന്പനിയിൽ നിന്നുമുള്ള വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ കൈക്കൊള്ളുമെന്നും വരന്തരപ്പിള്ളി പോലീസ് അറിയിച്ചു.