പയ്യന്നൂര്‍: ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവിനെ കഴുത്തു മുറിച്ച് മരിച്ചനിലയില്‍ കണ്ടെത്തി.കുഞ്ഞിമംഗലം കണ്ടന്‍കുളങ്ങര തീരദേശ റോഡിലെ തൈവളപ്പില്‍ രവീന്ദ്രന്റെ മകന് ടി.വി.ശരത്തിനെ(30)യാണ് വീടിനകത്തെ ബാത്ത്റൂമില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കുവൈറ്റില്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന ശരത്ത് കഴിഞ്ഞ 28 നാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ക്വാറന്റൈനിൽ കഴിയുകയായിരുന്നു.
ഇന്നു രാവിലെ വീടിന് സമീപത്തെ ഷെഡില്‍ ഭക്ഷണവുമായെത്തിയ ബന്ധു ശരത്തിനെ വിളിച്ചിട്ടും പ്രതികരണമൊന്നുമില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാവിലെ എട്ടോടെ വീടിനകത്തെ ബാത്ത്റൂമില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിനടുത്ത് നിന്ന് കത്രിക പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാനസിക സമ്മര്‍ദ്ദത്തെ തുടർന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അമ്മ: ശകുന്തള. സഹോദരൻ: ഷാരോൺ.