കാസര്‍ഗോഡ്: എം.സി. കമറുദ്ദീന് എംഎല്‍എ ഉള്‍പ്പെട്ട ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ട് അനുരഞ്ജന നിര്‍ദേശം മുന്നോട്ടുവച്ചെങ്കിലും നിക്ഷേപകര്‍ പിന്നോട്ടില്ല.
നിക്ഷേപ തുക പൂര്‍ണമായും തിരികെ കിട്ടാതെ ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ നല്കിയ പരാതികളില്‍ നിന്നും പിന്വാങ്ങേണ്ടതില്ലെന്നാണ് നിക്ഷേപകര്‍ തമ്മിലുണ്ടായിരിക്കുന്ന ധാരണ.
ഇതോടെ എംഎല്‍എയ്ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണവും തടസമില്ലാതെ മുന്നോട്ടുപോകുമെന്ന് ഉറപ്പായി.സംസ്ഥാനതലത്തില്‍ മന്ത്രി കെ.ടി. ജലീലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പ്രതിരോധത്തിലാക്കിയതോടെ കമറുദ്ദീന്റെ വിഷയത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ലീഗിന് ശക്തമായ തിരിച്ചടി നല്‍കാനുള്ള നീക്കം സര്‍ക്കാര്‍ തലത്തിലും സജീവമാണ്.
തുടക്കത്തില്‍ ലാഭവിഹിതവും പിന്നീട് നിക്ഷേപ തുക തന്നെയും തിരികെ കിട്ടാത്തതുമായി ബന്ധപ്പെട്ട് പലവട്ടം ലീഗ് നേതാക്കളെ ബന്ധപ്പെട്ട അനുഭവമാണ് നിക്ഷേപകരില്‍ ഏറെപ്പേര്‍ക്കും പറയാനുള്ളത്. കാര്യമായൊന്നും ചെയ്യാനാകാതെ എല്ലാവരും കൈമലര്‍ത്തുകയായിരുന്നു.
കമറുദ്ദീന്റെ വ്യക്തിപരമായ ബിസിനസാണെന്ന നിലപാടാണ് മിക്ക നേതാക്കളും കൈക്കൊണ്ടത്. ഇപ്പോള്‍ സംസ്ഥാനതലത്തില്‍ ഉണ്ടായിരിക്കുന്ന അനുരഞ്ജന ധാരണയും നിയമസഭാ തെരഞ്ഞെടുപ്പ് വരെ സമയം നീട്ടിക്കിട്ടാനുള്ള ശ്രമം മാത്രമായാണ് നിക്ഷേപകര്‍ കാണുന്നത്.
പാര്‍ട്ടി നിയോഗിച്ചിരിക്കുന്ന മധ്യസ്ഥനും ഇക്കാര്യത്തില്‍ കൂടുതലായൊന്നും ചെയ്യാന്‍ കഴിയുമെന്ന വിശ്വാസം ആര്‍ക്കുമില്ല.കേസ് നടപടികള്‍ തല്ക്കാലം ആറുമാസത്തേക്ക് മരവിപ്പിച്ചാല്‍ പിന്നെ തെരഞ്ഞെടുപ്പ് കഴിയുന്നതിനായി വീണ്ടും നീട്ടിവയ്ക്കുമെന്ന് ഇവര്‍ പറയുന്നു.
തെരഞ്ഞെടുപ്പുകാലത്ത് സംസ്ഥാന സര്‍ക്കാരിനും ഈ വിഷയത്തില്‍ കൂടുതലായൊന്നും ചെയ്യാന്‍ കഴിയില്ല. പിന്നീട് യുഡിഎഫാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ കേസ് തേച്ചുമായ്ച്ചു കളയാനും സാധ്യതയുണ്ടെന്ന് സിപിഎമ്മിനോട് അടുത്തുനില്ക്കുന്നവര് നിക്ഷേപകരെ ബോധ്യപ്പെടുത്തുന്നുണ്ട്.
അനുരഞ്ജന ധാരണ ഉണ്ടാക്കിയതുകൊണ്ട് കൂടുതല്‍ നിക്ഷേപകര്‍ പോലീസില്‍ പരാതിയുമായി എത്തുന്നത് തടയാനാകുമെന്ന പ്രതീക്ഷ മാത്രമാണ് ലീഗ് നേതൃത്വത്തിനും ഉള്ളത്. മുന്ദിവസങ്ങളിലേതുപോലുള്ള പരാതികളുടെ ഒഴുക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കാണാതിരുന്നത് ശുഭസൂചനയായി അവര്‍ കണക്കുകൂട്ടുന്നു.
അന്വേഷണം തുടങ്ങിയ കേസുകളുടെ ഗതി വരുംദിവസങ്ങളില്‍ എങ്ങോട്ടാകുമെന്നു നോക്കിയാണ് അവശേഷിക്കുന്ന നിക്ഷേപകരും ലീഗ് നേതൃത്വവും കാത്തിരിക്കുന്നത്.