കോട്ടയം: കോട്ടയം ജില്ലയിലെ ഗുണ്ട സംഘങ്ങളിലേക്ക് പുതുതായി എത്തുന്നതു പ്രായപൂർത്തിയാകാത്തവർ. ജില്ലാ ജനറൽ ആശുപത്രിയിൽ എത്തി ജീവനക്കാർക്കെതിരെ വധഭീഷണി മുഴക്കിയ രണ്ടംഗ സംഘത്തെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയിരുന്നു.
നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ വിനീത് സഞ്ജയന്റെ ക്രിമിനൽ സംഘത്തിൽ ഉൾപ്പെട്ട വടവാതൂർ ശാന്തിഗ്രാം കോളനിയിൽ പുത്തൻപറന്പിൽ റഹിലാലിനെ (27)യും പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് പിടികൂടിയത്.
ഇവരിൽ നിന്നുമാണ് പ്രായപൂർത്തിയാകാത്ത നിരവധി പേർ ഗുണ്ടാ സംഘങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ എത്തുന്നതായി പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്.
ദിവസങ്ങൾക്കു മുന്പു ഏറ്റുമാനൂർ വെട്ടിമുകൾ ജംഗ്ഷനിൽ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിലും ഉൾപ്പെട്ട പ്രതികളിൽ കൂടുതൽ പേരും പ്രായപൂർത്തിയാകാത്തവരായിരുന്നു.
ഹോട്ടൽ അടിച്ചു തകർത്ത സംഘം പ്രദേശത്ത് പുതുതായി രൂപപ്പെട്ട ഗുണ്ടാസംഘവുമായിരുന്നു. ഇവർക്കെല്ലാം വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി പരസ്പരം ബന്ധമുണ്ടെന്നും പോലീസ് പറയുന്നു.
ഇന്നലെ പിടിയിലായ റഹിലാൽ അഞ്ചു ദിവസങ്ങൾക്കു മുന്പാണ് ജയിലിൽ നിന്നുമിറങ്ങിയത്.