ന്യൂഡൽഹി: പാർട്ടിക്ക് അതീതമായി ശബ്ദം ഉയർത്താൻ ശ്രമിച്ചവരെ പുറത്തു നിർത്തിയും രാഹുൽ ബ്രിഗേഡിനെ ഏറെ അടുപ്പിച്ചു നിർത്തിയും കോണ്‍ഗ്രസിന്റെ പുനസംഘടന.
കോണ്‍ഗ്രസിന്റെ സംഘടന തലത്തിലെ അഴിച്ചു പണി വിമത ശബ്ദമുയർത്തിയവർക്കു മുന്നറിയിപ്പു നൽകിയും രാഹുൽ ഗാന്ധിയുടെ കരുത്തു തെളിയിച്ചുമാണ് കഴിഞ്ഞ രാത്രി നടത്തിയിരിക്കുന്നത്. വാർഷിക വൈദ്യ പരിശോധനകൾക്കായി സോണിയ ഗാന്ധി അമേരിക്കയിലേക്ക് പുറപ്പെടുന്നതിന് തൊട്ടു മുൻപായാണ് അഴിച്ചു പണികൾ നടത്തിയത്.
കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റി രൂപീകരിച്ചതോടെ കോണ്‍ഗ്രസിനുള്ളിൽ പുതിയ അധ്യക്ഷനെ നിയമിക്കാനുള്ള സംഘടന തെരഞ്ഞെടുപ്പ് ഉടൻ നടക്കുമെന്ന സൂചനയാണുള്ളത്.
എ.കെ ആന്റണി, കെ.സി വേണുഗോപാൽ, അഹമ്മദ് പട്ടേൽ, അംബിക സോണി, മുകുൾ വാസ്നിക്, രണ്‍ദീപ് സുർജേവാല എന്നിർ ഉൾപ്പെട്ട പ്രത്യേക സമിതി അടുത്ത എഐസിസി സമ്മേളനം വരെ തുടരുമെങ്കിലും ഇതൊരു സ്ഥിരം സമിതി ആയിരിക്കില്ലെന്നാണ് റിപ്പോർട്ട്.
രണ്‍ദീപ് സിംഗ് സുർജേവാല
പുതിയ സംഘടന ചുമതലകളിൽ രാഹുൽ ഗാന്ധിക്കു പ്രത്യേക പദവികൾ ഇല്ലെങ്കിലും അദ്ദേഹവുമായി ഏറെ അടുപ്പും പുലർത്തുന്ന നേതാക്കൾക്കാണ് ഇത്തവണ അവസരങ്ങളേറെയും ലഭിച്ചിരിക്കുന്നത്.
പുതിയ കോണ്‍ഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ചുമതലയുള്ള സമിതിയിൽ ഉൾപ്പെട്ട കൃഷ്ണ ബൈരെ ഗൗഡ, ജോതി മണി, മധുസൂദനൻ മിസ്ത്രി എന്നിവർ രാഹുൽ ബ്രിഗേഡിൽ ഉൾപ്പെട്ടവരാണ്. ഇതിൽ ഗൗഡയും ജോതിമണിയും രാഹുലിന്റെ ഏറ്റവും അടുത്ത നേതാക്കളാണ്.
തമിഴ്നാട്ടിൽ നിന്നുള്ള എംപിയും രാഹുലിന്റെ വലംകൈയുമായ മാണിക്കം ടാഗോറിന് തെലുങ്കാനയുടെ ചുമതലയും നൽകി. കോണ്‍ഗ്രസിന്റെ മാധ്യമ വിഭാഗം കൈകാര്യം ചെയ്തിരുന്നു രണ്‍ദീപ് സിംഗ് സുർജേവാല സോണിയ ഗാന്ധിയുടെ ഉപദേശക സമിതിയിൽ ഇടംപിടിച്ചതിന് പിന്നാലെ കർണാടകയുടെ ചുമതലയും ലഭിച്ചു.
ഗുലാം നബി പുറത്ത്
സംഘടന തലത്തിൽ അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയവരിൽ ചിലർ പുന: സംഘടനയിൽ ഉൾപ്പെട്ടു എങ്കിലും കത്തെഴുത്ത് ആസൂത്രണം ചെയ്തവരിൽ പലരും പുറത്താകുകയും ചെയ്തു.
രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണ് ഇങ്ങനെ മാറ്റി നിർത്തപ്പെട്ടവരിൽ പ്രമുഖ നേതാവ്. ഒപ്പം മോത്തിലാൽ വോറ, അംബിക സോണി, മല്ലികാർജുൻ ഖാർഗെ എന്നിവരും മാറ്റി നിർത്തപ്പെട്ട പ്രമുഖരിൽ പെടുന്നു. കത്തെഴുതാൻ ആസാദിനൊപ്പം നിന്ന ആനന്ദ് ശർമയും അകറ്റി നിർത്തപ്പെട്ടു.
പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ അഴിച്ചു പണികളിൽ അപ്പാടെ രാഹുലിന്റെ കൈയൊപ്പു പതിഞ്ഞതും വ്യക്തമായി കാണാം. കേരളത്തിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാവും എഐസിസിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായി കെ.സി വേണുഗോപാൽ പുതിയ ഒട്ടുമിക്ക സമിതികളിലും അംഗമാണ്.
ആറംഗസമിതിയിലും ഇല്ല
കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുർജേവാലയും പി. ചിദംബരവും അടക്കമുള്ളവർ വർക്കിംഗ് കമ്മിറ്റിയിലെ സ്ഥിരം അംഗങ്ങളുമായി. ഗുലാം നബിയും ആനന്ദ് ശർമയും വർക്കിംഗ് കമ്മിറ്റിയിലെ സ്ഥിരം അംഗങ്ങളായി തുടരും.
എ.കെ ആന്റണിയും കെ.സി വേണുഗോപാലും ഉൾപ്പെട്ട ആറംഗ പ്രത്യേക സമിതിയിലും ഗുലാം നബിയെ ഉൾപ്പെടുത്തിയില്ല എന്നതാണ് ശ്രദ്ധേയം. കത്തെഴുതിയവരിൽ മുതിർന്ന നേതാക്കളിൽ മുകുൾ വാസ്നിക് മാത്രമാണ് ഈ സമിതിയിൽ ഉൾപ്പെട്ടത്.
മുകുൾ വാസ്നിക്കിനെ കേരളത്തിന്റെ ചുമതലയിൽ നിന്നു മാറ്റി പകരം താരിഖ അൻവറിനെ ഏൽപ്പിക്കുകയും ചെയ്തു. രാഹുലിന്റെ അടുപ്പക്കാരനായ ജിതേന്ദ്ര സിംഗിന് അസമിന്റെ ചുമതലയും നൽകി.
ചില നല്ല തീരുമാനങ്ങൾ പാർട്ടി എടുത്തിട്ടുണ്ട്. എങ്കിലും ബ്ലോക്ക്, ജില്ല, സംസ്ഥാന തലങ്ങളിൽ സംഘടന തെരഞ്ഞെടുപ്പു നടന്നാൽ മാത്രമേ കോണ്‍ഗ്രസ് പുനരുജ്ജീവിക്കുകയുള്ളൂ എന്നായിരുന്നു ഗുലാം നബി ആസാദിന്റെ പ്രതികരണം.
ഗുലാം നബി ആസാദിന്റെ രാജ്യസഭ കാലാവധി തീരുന്നതോടെ ഉപരിസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആകും. ആനന്ദ് ശർമ, മനീഷ് തിവാരി, ശശി തരൂർ എന്നിവരാണ് സുപ്രധാന ചുമതലകളിൽ നിന്നു മാറ്റി നിർത്തപ്പെട്ട മറ്റു നേതാക്കൾ.
എന്നാൽ, ലോക്സഭയിൽ മികച്ച പ്രകടനം നടത്തുന്ന മനീഷ് തിവാരിക്ക് ഉടൻ തന്നെ മറ്റൊരു സുപ്രധാന ചുമതല നൽകുമെന്നാണ് വിവരം. രാജസ്ഥാനിൽ വിമത ശബ്ദം ഉയർത്തി കോണ്‍ഗ്രസ് സർക്കാരിന് വെല്ലുവിളി ഉയർത്തിയ സച്ചിൻ പൈലറ്റിനും ഇത്തവണ ദേശീയ നേതൃനിരയിൽ ഇടം പിടിക്കാനായില്ല.