തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലെ കമ്മീഷനായി നൽകപ്പെട്ടെന്നു കരുതപ്പെടുന്ന നാല് കോടി രൂപയുടെ പങ്കുപറ്റിയവരുടെ പട്ടികയിൽ സംസ്്ഥാന മന്ത്രിസഭയിലെ മുതിർന്ന അംഗത്തിന്റെ മകനും ഉണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചു.
സ്വർണ കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷും ഈ മന്ത്രി പുത്രനും തമ്മിലുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന ചില ചിത്രങ്ങളും അന്വേഷണ ഏജൻസിക്ക് ലഭിച്ചെന്നാണ് റിപ്പോർട്ട്.
തലസ്ഥാനത്തെ ഒരു വൻകിട ഹോട്ടലിൽ വെച്ചുള്ളതാണ് ചിത്രങ്ങളെന്നാണ് നിഗമനം. ഇത് അന്വേഷണ സംഘം പരിശോധിക്കുകയാണെന്നും മന്ത്രി പുത്രന് സ്വപ്നയുമായുള്ള ഇടപാടുകളുടെ വിവരം ലഭിക്കുന്ന മുറയ്ക്ക് ചോദ്യം ചെയ്യൽ ഉൾപ്പെടെ ഉണ്ടാകുമെന്നുമാണ് വിവരം. ലൈഫ് മിഷനിലെ കമ്മീഷൻ കൈമാറ്റത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്.
സ്വപ്നയ്ക്കും മന്ത്രി പുത്രനും പുറമേ മറ്റൊരു ഇടനിലക്കാരൻ കൂടി ഇവർക്കൊപ്പം ഉണ്ടായിരുന്നുവെന്നും ഇയാൾക്ക് നൽകാമെന്നേറ്റ കമ്മീഷൻ തുക നൽകാതെ വന്നതോടെയാണ് ചിത്രങ്ങൾ പുറത്തായതെന്നുമാണ് വിവരം.
ലൈഫ്മിഷൻ ഇടപാടിൽ യുണിടാക്കിന്റെയും റെഡ്ക്രസന്റിന്റെയും ഇടനിലക്കാരനായി നിന്നത് ഈ മന്ത്രിപുത്രനാണെന്നും വിവരങ്ങളുണ്ട്.
നേരത്തെ, ലൈഫ് മിഷൻ വിവാദം പ്രതിപക്ഷം നിയമസഭയിൽ ഉൾപ്പെടെ ഉയർത്തിക്കൊണ്ടു വന്നിരുന്നു. എന്നാൽ, പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള അഴിമതിയും നടന്നിട്ടില്ലെന്നായിരുന്നു സർക്കാർ വാദം.
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഇടത് അംഗങ്ങളുമെല്ലാം ഈ ആരോപണത്തിനെതിരെ നിയമസഭയിൽ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാൽ, ലൈഫ് പദ്ധതിയിൽ ഉണ്ടായ വീഴ്ച പരിശോധിക്കുന്നതിന് സർക്കാർ കമ്മീഷനെ നിയോഗിച്ചതോടെ തങ്ങളുന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞെന്നും അഴിമതിയുടെ ഭാഗമായവർ മന്ത്രിസഭയിലുൾപ്പെടെ തുടരാൻ പാടില്ലെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. നേരത്തെ, മന്ത്രിസഭയിലെ മറ്റൊരംഗമായ എ.സി.മൊയ്തീന് ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുകോടി രൂപ കമ്മീഷൻ ലഭിച്ചുവെന്ന് അനിൽ അക്കര എംഎൽഎ ആരോപണമുന്നയിച്ചിരുന്നു.
ഈ ആരോപണത്തെ പ്രതിരോധിച്ചു വരുന്നതിനിടെയാണ് മന്ത്രിസഭയിലെ മുതിർന്ന അംഗത്തിന്റെ മകനു നേരെയും ആരോപണമുയരുന്നത്. കണ്ണൂരിൽ ഒരു പ്രമുഖ റിസോർട്ടിന്റെ ചെയർമാൻ കൂടിയാണ് ഇയാളെന്നും വിവരമുണ്ട്.