എം.ജെ. ശ്രീജിത്ത്
തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതികളുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നു മന്ത്രി കെ.ടി. ജലീൽ. അതുകൊണ്ടുതന്നെ ഒരന്വേഷണത്തെയും താൻ ഭയക്കുന്നില്ല. അന്വേഷണ ഏജൻസികൾ ഇനി വിളിച്ചാലും മൊഴികൊടുക്കാൻ സധൈര്യം പോകും.
സ്വപ്നയുമായുള്ളതു കോണ്സുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയിലുള്ള പരിചയം മാത്രം. അത് അന്വേഷണം പൂർത്തിയാകുന്പോൾ എന്റെ സത്യസന്ധത എല്ലാവർക്കും ബോധ്യമാകും.
മൊഴികൊടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ പോയത് മുഖ്യമന്ത്രിയെ അറിയിച്ചശേഷമായിരുന്നു. സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ യാതൊരു തെറ്റുമില്ല.
മുന്പ് മുസ്ലിം ലീഗിന്റെ നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, എം.കെ. മുനീർ എന്നിവർ സ്വകാര്യ വ്യക്തികളുടെ വാഹനങ്ങൾ ഒൗദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു. അതേ ഞാനും ചെയ്തുള്ളൂ. അന്നൊന്നുമില്ലാത്ത പ്രതിഷേധമാണ് ഇപ്പോൾ നടക്കുന്നത്.
ബെൻസ് കാർ
ഒരു മുതലാളിയുടെ ബെൻസ് കാറാണ് മഞ്ഞളാംകുഴി അലി സ്ഥിരമായി ഉപയോഗിച്ചിരുന്നത്. സുഹൃത്തുക്കളുടെ വാഹനങ്ങൾ രാഷ്ട്രീയ നേതാക്കൾ ഉപയോഗിക്കുന്നത് ആദ്യ സംഭവമല്ല.
സർക്കാർ ബോർഡ് വച്ചാണ് പല നേതാക്കളും സ്വകാര്യ വ്യക്തികളുടെ വാഹനങ്ങൾ ഉപയോഗിച്ചിരുന്നത്. താൻ ഒളിച്ചല്ല അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലെത്തിയത്. വളരെകാലത്തെ പരിചയമുള്ള സുഹൃത്തിന്റെ വാഹനമാണ് ഉപയോഗിച്ചത്.
തകർക്കാൻ നോക്കേണ്ട
താൻ പോയത് മാധ്യമ പ്രവർത്തകർ അറിഞ്ഞില്ല എന്നതാണ് ഇത്രയും വിവാദങ്ങൾ ഉണ്ടാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഇടതുപക്ഷത്തേക്കാൻ താൻ പോയതുമുതിൽ മുസ്ലിം ലീഗ് തന്നെ രാഷ്ട്രീയമായി തകർക്കാൻ ശ്രമിക്കുകയാണ്.
പലപ്പോഴായി എത്രയോ ആരോപണങ്ങൾ തന്റെ പേരിൽ ലീഗിന്റെയും യുഡിഎഫിന്റെയും നേതാക്കൾ ഉന്നയിച്ചു.പക്ഷേ, അതൊന്നും ശരിയാണെന്ന് തെളിയിക്കാൻ അവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഓരോ ഘട്ടത്തിലും തന്റെ ഭൂരിപക്ഷം വർധിക്കുകയല്ലാതെ കുറയ്ക്കാൻ ലീഗിനു കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ സത്യസന്ധതയ്ക്കുള്ള അംഗീകാരമാണ് തന്റെ വിജയങ്ങളെന്നും ഒരന്വേഷണത്തെയും താൻ ഭയക്കുന്നില്ലെന്നും കെ.ടി. ജലീൽ രാഷ്ട്രദീപികയോടു പറഞ്ഞു.
അപായപ്പെടുത്താൻ നീക്കം
ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ കാര്യമാക്കുന്നില്ല. തന്നെ അപായപ്പെടുത്താൻ കാർ കുറുകെ കൊണ്ടിട്ട് സമരം ചെയ്ത രീതി കേരളത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത രീതിയാണ്.
ജനാധിപത്യപരമായ പ്രതിഷേധങ്ങൾ അംഗീകരിക്കുന്നു. ഇന്നലെയുണ്ടായ രീതിയിലുള്ള പ്രതിഷേധം സംഘടിപ്പിച്ചവരുടെ സംഘടനാ നേതൃത്വം ഇത്തരം സമരം ശരിയാണോയെന്നു സ്വയം വിലയിരുത്തണം. – ജലീൽ പറഞ്ഞു.
മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം തരുന്നില്ലെന്നും ഓടിയൊളിക്കുകയാണെന്നുമുള്ള ആരോപണം ഉയരുന്നതിനിടയിലാണ് രാഷ്ട്രദീപികയോട് അദ്ദേഹം സംസാരിക്കാൻ തയാറായത്.