കോട്ടയം: ബാറുകൾ തുറക്കാൻ എക്സൈസ് പച്ചക്കൊടി കാട്ടിയതോടെ കോവിഡ് മാനദന്ധങ്ങളോടെ പുതിയ സംവിധാനം ഒരുക്കാനൊരുങ്ങുകയാണ് ബാർ ഉടമകൾ.
നിലവിൽ ബാറുകളെല്ലാം ബിവറേജസ് ഒൗട്ട്ലെറ്റുകളായാണ് പ്രവർത്തിക്കുന്നത്. ബാറുകൾ തുറന്നാൽ എല്ലാവർക്കും സർക്കാർ നിശ്ചയിച്ചിരിക്കുന്ന പൊതു വില എന്ന സംവിധാനം മാറും.
ഇപ്പോൾ പാഴ്സൽ സംവിധാനം മാത്രമാണ് ബാറുകളിൽ പ്രവർത്തിക്കുന്നത്. ബാറുകൾ തുറക്കുന്പോൾ ഒരു മേശയിൽ രണ്ടുപേരെന്ന നിലയിലാകും ക്രമീകരണങ്ങൾ സജ്ജീകരിക്കുന്നത്.
അനുമതി ലഭിച്ചാൽ ജില്ലയിൽ 49 ബാറുകളും 31 ബിയർ പാർലറുമാണ് പഴയപടി പ്രവർത്തിക്കാനൊരുങ്ങുന്നത്. പുതിയതായി പണി കഴിപ്പിച്ച നാലു ബാറുകളാണ് ലൈസൻസ് അപേക്ഷിച്ച് കാത്തിരിക്കുന്നത്.
നിലവിൽ ബാറുകളിൽ ചില്ലറ വ്യാപാരം കൂടിയെങ്കിലും നികുതിയും മറ്റു ചെലവുകളും പഴയ പടി നിൽക്കുകയാണെന്നാണ് ഉടമകളുടെ പരാതി. പാഴ്സൽ സംവിധാനം ലാഭകരമല്ലെന്നും ബാറുകൾ പൂർണമായും തുറക്കാൻ അനുമതി വേണമെന്നാണ് ബാർ ഉടമകൾ പറയുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പുലർത്തി ഏതൊക്കെ സംവിധാനത്തോടും നിയന്ത്രണത്തോടുമാണ് ബാറുകൾ പ്രവർത്തിക്കേണ്ടത് എന്ന മാർഗനിർദേശങ്ങളും ഇതുവരെ എത്തിയിട്ടില്ല. അതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ തുടരുകയാണ്.