തൃശൂർ: നെഞ്ചുവേദനയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഫോണിൽ സംസാരിച്ചത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ നേഴ്സിനോടാണെന്ന് സൂചന. ഇവർ ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണെന്നും സൂചനകളുണ്ട്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന വളരെ നിർണായക വിവരമാണ് ഈ നേഴ്സിനോട് കൈമാറിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. മെഡിക്കൽ കോളജ് ആശുപത്രി വാർഡിലെ നേഴ്സിനെ കബളിപ്പിച്ചാണ് സ്വപ്ന അവരുടെ ഫോണിൽനിന്നു തിരുവനന്തപുരത്തേക്ക് വിളിച്ചത്.
ചികിത്സയ്ക്ക് പൈസ വേണമെന്ന് വീട്ടുകാരെ വിളിച്ചറിയിക്കാൻ ഫോണൊന്നു തരണമെന്ന് അപേക്ഷിച്ചാണ് സ്വപ്ന നേഴ്സിന്റെ ഫോണ് വാങ്ങി വിളിച്ചതെന്നാണ് വിവരം.
സ്വപ്നയെ പാർപ്പിച്ചിരുന്ന സെല്ലിന് പുറത്ത് പോലീസും എൻഐഎ പ്രതിനിധിയുമൊക്കെ കാവൽ നിൽക്കുന്പോഴാണ് സ്വപ്ന ഫോണ് വിളിച്ചതെന്നത് ഗുരുതരമായ സുരക്ഷ പാളിച്ചയാണ്.
ഫോണ് വിളി വിവാദമായതോടെ മെഡിക്കൽ കോളജ് അധികൃതർ സംഭവം അന്വേഷിക്കുന്നുണ്ട്. സ്പെഷ്യൽ ബ്രാഞ്ചും എൻഐഎയും മറ്റും അന്വേഷണം നടത്തുന്നുണ്ട്.
എൻഐഎ സ്വപ്നയോട് ഇതെക്കുറിച്ച് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി കിട്ടിയില്ലെന്നാണ് സൂചന. നേഴ്സിന്റെ ഫോണിലെ കോൾ ഡീറ്റെയിൽസ് പരിശോധിച്ചപ്പോഴാണ് ചില വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയത്.
നെഞ്ചുവേദനയെ തുടർന്ന് രണ്ടാമതും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സ്വപ്നയ്ക്ക് എക്കോ ടെസ്റ്റ് നടത്തി. മെഡിക്കൽ ബോർഡ് ഇന്നുച്ചയ്ക്ക് യോഗം ചേർന്ന് സ്വപ്നയുടെ ആരോഗ്യസ്ഥിതി വിലയിരുത്തും.
കഴിഞ്ഞതവണ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഇസിജിയിൽ നേരിയ വ്യതിയാനം കണ്ടിരുന്നു. മാനസിക സമ്മർദ്ദത്തെ തുടർന്നായിരിക്കാം നെഞ്ചുവേദനയെന്നായിരുന്നു നിഗമനം.
ആറു ദിവസത്തെ ചികിത്സയ്ക്ക് ശേഷം തിരികെ വിയ്യൂർ ജയിലിലേക്ക് മാറ്റിയതിന് പിന്നാലെയാണ് വീണ്ടും സ്വപ്നയെ നെഞ്ചുവേദനയെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുതന്നെ തിരിച്ചെത്തിച്ചത്.
സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ കെ.ടി റമീസിനെയും ദേഹാസ്വസ്ഥ്യത്തെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി. റമീസിന് വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് നടപടി.