സൂര്യ നാരായണൻ
സാധാരണ കറന്‍സികള്‍ക്കും കറന്‍സി ഇടപാടുകള്‍ക്കുമുള്ള ദോഷങ്ങളുടെ ഒരു പരിഹാരമെന്നോണം വിഭാവനം ചെയ്യപ്പെട്ടതാണ് ക്രിപ്റ്റോ കറന്‍സി എന്ന ആശയം. ബിറ്റ്കോയിനാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടതും ഏറ്റവും ജനകീയവുമായ ക്രിപ്റ്റോ കറന്‍സി.
2008ല്‍ സതോഷി നാക്കാമോട്ടോ എന്നയാളാണ് ആദ്യമായി ബിറ്റ്കോയിന് എന്ന ആശയം ഒരു പ്രബന്ധ രൂപത്തില്‍ വിശദമായി അവതരിപ്പിച്ചത്. സതോഷി നാക്കാമോട്ടോ എന്നത് ഒരു തൂലികാനാമമാണ്. ഈ പേരിനു പിറകില്‍ ആരാണെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല.
2.10 കോടി ബിറ്റ്കോയിൻ
ബിറ്റ്കോയിന്റെ ഉപജ്ഞാതാക്കള്‍ 2.10 കോടി ബിറ്റ്കോയിനുകളാണ് സൃഷ്ടിച്ചത്. ഇവ ഇരുപതു വര്‍ഷം കൊണ്ടു പൂര്‍ണമായും ലഭ്യമാക്കുകയും പിന്നീടു പുതിയവ കിട്ടുകയുമില്ലെന്ന് അവര്‍ പറഞ്ഞിരുന്നു.
നിലവിലുള്ള ബിറ്റ്കോയിനുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ മാത്രമേ പിന്നീടു നടക്കുകയുള്ളൂ. സാധാരണ കറന്‍സികളുടെ മൂല്യം എപ്പോള്‍ വേണമെങ്കിലും ഇടിയാന്‍ സാധ്യതയുള്ളപ്പോള്‍ ബിറ്റ്കോയിന് ആ ഭീഷണിയില്ല.
കാരണം അവയുടെ എണ്ണം കൂടുന്നില്ല. സാധാരണ കറന്‍സി എത്ര വേണമെങ്കിലും അച്ചടിച്ചിറക്കി മൂല്യം കുറയ്ക്കാന്‍ കേന്ദ്രബാങ്കുകള്‍ക്കു സാധിക്കും.
ഡിജിറ്റൽ പഴ്സ്
ബിറ്റ്കോയിനെ ഒരു കറന്‍സി ആയി സങ്കല്‍പ്പിക്കുക. നിങ്ങളുടെ കൈവശം രൂപയ്ക്ക് പകരം ബിറ്റ് കോയിനാണുള്ളത്. ബിറ്റ്കോയിന് നമ്മള് ഒരു ഡിജിറ്റല്‍ പഴ്സിലായിരിക്കും സൂക്ഷിക്കുക. അതിന്റെ പേരാണ് ബിറ്റ്കോയിന് വാലറ്റ്.
നിങ്ങള്‍ക്ക് ഒരു സാധനം വാങ്ങേണ്ടതുണ്ട്. നിങ്ങള്‍ക്കു വാങ്ങേണ്ട ഉല്പന്നത്തിന്റെ വിലയ്ക്കു തുല്യമായ ബിറ്റ് കോയിന് കടക്കാരന്റെ വാലറ്റിലേക്കു നിക്ഷേപിക്കുന്നു.
ഇനി നിങ്ങള്‍ നല്‍കിയത് യഥാര്‍ഥ ബിറ്റ് കോയിന് ആണെന്ന് എങ്ങിനെ ഉറപ്പിക്കും? അവിടെയാണ് ബിറ്റ് കോയിന് സംവിധാനം പ്രസക്തമാകുന്നത്.
നിങ്ങളുടെ കൈവശമുള്ള പഴ്സില്‍ എത്ര ബിറ്റ് കോയിനുകള്‍ ഉണ്ടെന്നും അവ യഥാര്‍ഥത്തിലുള്ളതാണോ എന്നുമെല്ലാം ലോകത്ത് ആര്‍ക്കും എളുപ്പത്തില്‍ പരിശോധിക്കാന്‍ കഴിയുന്ന ഒരു സംവിധാനമൊരുക്കിയിട്ടുണ്ട്. അതായത് എല്ലാ ബിറ്റ് കോയിന് ഇടപാടുകളും ക്രമമായി അക്കമിട്ടു സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഒരു ഭീമന് കണക്ക് പുസ്തകം.
ലഹരിക്കടത്തില്‍ ബിറ്റ് കോയിൻ ഇടപാട്? കേരളത്തിൽ റിയൽ എസ്റ്റേറ്റിലും ബിറ്റ്കോയിൻ ഇടപാട്; ലോകരാഷ്ട്രങ്ങള്‍ അംഗീകരിക്കാത്ത കറന്‍സി
ബ്ലോക്ക് ചെയിൻ
കറന്‍സി നോട്ടുകള്‍ തിരിച്ചും മറിച്ചും നോക്കി വ്യാജനാണോ അല്ലയോ എന്ന് ഉറപ്പ് വരുത്തുന്നതുപോലെയുള്ള ബുദ്ധിമുട്ടുകളൊന്നും ഇവിടെ ഇല്ല.
ഓരോ പഴ്സിലും എത്ര പണം ബാക്കിയുണ്ടെന്നും ഇടപാടുകള്‍ നടന്നോ എന്നും എളുപ്പത്തില്‍ ഈ കണക്ക് പുസ്തകം നോക്കി മനസിലാക്കാനാകും. ഈ കണക്കു പുസ്തകത്തിന്റെ പേരാണ് ബ്ലോക്ക് ചെയിന്‍.
ഈ കണക്ക് പുസ്തകത്തിനൊരു പ്രത്യേകതയുണ്ട്. ഇത് കേന്ദ്രീകൃത സ്വഭാവമുള്ള ഒരു കണക്ക് പുസ്തകം അല്ല. അതായത് ഒരു വ്യക്തിയോ സംഘടനയോ സ്ഥാപനമോ പരിപാലിക്കുന്ന കണക്ക് പുസ്തകം അല്ല.
ബിറ്റ് കോയിന് ഇടപാടുകള്‍ നടത്തുന്നവര്‍ തന്നെയാണ് പൊതുസമ്മതമായ രീതിയില്‍ ഈ പുസ്തകത്തില്‍ ഇടപാടുകള്‍ രേഖപ്പെടുത്തുന്നത്. അതിനാല്‍ ഒരു വ്യക്തിക്കോ ഒരു കൂട്ടം വ്യക്തികള്‍ക്കോ ഒന്നും ഇതില്‍ യാതൊരുവിധ കൃത്രിമത്വങ്ങളും നടത്താന്‍ കഴിയില്ല.
രഹസ്യ കറൻസി
ബിറ്റ്കോയിന് വാലറ്റ് പ്രത്യേകിച്ചു ചെലവൊന്നുമില്ലാതെ ആര്‍ക്കും ഉണ്ടാക്കാം. ഇത്തരത്തില്‍ ബിറ്റ്കോയിന് വാലറ്റ് ഉണ്ടാക്കുമ്പോള്‍ അതിനു രണ്ട് ഭാഗങ്ങള്‍ ഉണ്ടായിരിക്കും. ഒന്ന് പ്രൈവറ്റ് കീ, രണ്ട് പബ്ലിക് കീ.
ഇതില്‍ പ്രൈവറ്റ് കീ ആണ് നിങ്ങളുടെ താക്കോല്‍. അതുപയോഗിച്ചു മാത്രമേ നിങ്ങളുടെ വാലറ്റ് തുറക്കാന്‍ കഴിയൂ. അതു രഹസ്യമായി സൂക്ഷിക്കുക. മറ്റുള്ളവര്‍ക്കു നിങ്ങളുടെ വാലറ്റ് കാണാന്‍ കഴിയുമെങ്കിലും അത് തുറക്കാന്‍ സാധിക്കില്ല.
പബ്ലിക് കീ ആര്‍ക്ക് വേണമെങ്കിലും പണം സ്വീകരിക്കാന്‍ നല്‍കാവുന്നതാണ്. ബിറ്റ്കോയിനുകള്‍ ഏതെങ്കിലും രാജ്യവുമായി ബന്ധമില്ലാത്തതിനാലും നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാലും അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് ഈ രഹസ്യ കറന്‍സി ഉപയോഗിക്കാന്‍ സാധിക്കും.
പല രാജ്യങ്ങളുടെയും നാണയങ്ങളുപയോഗിച്ചു ബിറ്റ് കോയിനുകള്‍ വാങ്ങാനും വില്‍ക്കുന്നതിനുമുള്ള ബിറ്റ് കോയിന് എക്സ്ചേഞ്ച് സൗകര്യം നിലവിലുണ്ട്.