കായംകുളം : വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹത്തിൽ നിന്നു കാമുകൻ പിന്മാറിയതിൽ മനം നൊന്ത് കൊല്ലം കൊട്ടിയത്ത് റംസി എന്ന എന്ന പെൺകുട്ടി ജീവനൊടുക്കിയതിന്റെ നൊമ്പരം ജനമനസുകളിൽ നിന്നു വിട്ടൊഴിയും മുമ്പ് ബിഎസ് സി വിദ്യാർഥിനി അർച്ചന കൂടി സമാന സാഹചര്യത്തിൽ ജീവനൊടുക്കിയത് മറ്റൊരു നൊമ്പരമാകുന്നു.
പ്രണയത്തിനൊടുവിൽ
ആറാട്ടുപുഴ പെരുമ്പള്ളി മുരിക്കിൻ വീട്ടിൽ വിശ്വനാഥൻ – ഗീത ദമ്പതികളുടെ മകളും കൊല്ലത്തെ സ്വകാര്യ നഴ്സിംഗ് കോളേജിലെ അവസാന വർഷ ബി.എസ്.സി. നഴ്സിംഗ് വിദ്യാർഥിനിയുമായിരുന്ന അർച്ചന(21) ആണ് കാമുകനായ യുവാവ് വിവാഹത്തിൽനിന്ന് പിന്മാറി മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയത്.
കഴിഞ്ഞ ദിവസം വിഷക്കായ കഴിച്ച് അവശതയിലായ പെൺകുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏഴുവർഷത്തോളം മകളെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പ്രണയിച്ച കായംകുളം കണ്ടല്ലൂർ വടക്ക് പട്ടോളിമാർക്കറ്റ് കല്ലുംമൂട്ടിൽ ശ്യാംലാൽ എന്ന യുവാവ് സ്ത്രീധനത്തുക കുറവാണെന്ന് പറഞ്ഞ് മകളെ ഒഴിവാക്കി മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചതിൽ മനം നൊന്താണ് അർച്ചന ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.തൃക്കുന്നപ്പുഴ പോലീസ് ഇപ്പോൾ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
വാട്സ് ആപ്പിലെ ആ സന്ദേശം
പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പും വീട്ടിലെ മുറിക്കുള്ളിൽ നിന്നു പൊലീസിന് ലഭിച്ചിരുന്നു.വാട്ട്സാപ്പ് ശബ്ദ സന്ദേശങ്ങളും തൃക്കുന്നപ്പുഴ പൊലീസ് ശേഖരിച്ചിട്ടുണ്ട് .
കാമുകനായ കണ്ടല്ലൂർ സ്വദേശി ശ്യാം ലാൽ എന്ന യുവാവിനെ കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മരിക്കാൻ പോവുകയാണെന്ന് കാമുകനായ യുവാവിനെ പെൺകുട്ടി വാട്സ് ആപ് സന്ദേശത്തിലൂടെ അറിയിച്ചിരുന്നു.
ഇയാൾ മറ്റൊരു സുഹൃത്ത് വഴി അർച്ചനയുടെ വീട്ടിൽ വിവരമറിയിച്ചതോടെയാണ് പെൺകുട്ടിയെ വിഷക്കായ കഴിച്ച് അവശ നിലയിൽ കണ്ടെത്തിയത്. യുവാവ് മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിക്കാൻ തീരുമാനിച്ച അതേ ദിവസമാണ് പെൺകുട്ടി വിഷക്കായ കഴിച്ചത്.
നിങ്ങൾ ഇല്ലാതാക്കിയത് …
നിങ്ങൾ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ് എന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. എല്ലാവരും എന്നോട് ക്ഷമിക്കണം നിങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ അച്ഛനോടും അമ്മയോടും ക്ഷമ ചോദിക്കുന്നു. സഹോദരി ആര്യ മോള് നല്ലരീതിയില്‍ പഠിച്ച് വളരണം.
ശ്യാം അച്ഛനും അമ്മയും പറയുന്നത് അനുസരിച്ച് സുഖമായി ജീവിക്കട്ടെ’ ഞാൻ മരിച്ചാലും കുഴപ്പമില്ലെന്ന് അറിയാം ശ്യാം നിങ്ങൾ മനസിലാക്കണം ഞാൻ നിങ്ങളുടെ അനുജത്തി,അമ്മ എന്നിവരെ പോലെ ഒരു പെണ്ണാണ് .നിങ്ങൾ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ്.
പോലീസ്് പറയുന്നത്
സംഭവത്തെകുറിച്ച് പോലീസ്് പറയുന്നത്: അർച്ചന കൊപ്പാറേത്ത് സ്കൂളിൽ പ്ളസ് വണ്ണിന് പഠിക്കവേ സഹപാഠിയായ കണ്ടല്ലൂര്‍ വടക്ക് പട്ടോളി മാര്‍ക്കറ്റ് കല്ലുംമൂട്ടില്‍ ശ്യാമുമായി അടുപ്പത്തിലായി. പ്ളസ് ടുവിന് ശേഷം ശ്യാം വിദേശത്ത് പോയി.
അര്‍ച്ചന കൊല്ലത്തെ സ്വകാര്യ നേഴ്സിംഗ് കോളേജിൽ ബിഎസ് സി നഴ്സിംഗിനു ചേര്‍ന്നു. നിലവില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനി യായിരുന്നു . വിദേശത്ത് നിന്നു നാട്ടിലെത്തിയ ശ്യാം ഒരു വർഷം മുമ്പ് അര്‍ച്ചനയുടെ വീട്ടില്‍ സുഹൃത്തുമായി എത്തി വിവാഹാലോചന നടത്തി.
പിന്നീട് ശ്യാമിന്റെ വീട്ടുകാരും എത്തി . 101 പവനും കാറും നല്‍കിയാണ് ശ്യാമിന്റെ സഹോദരിയെ വിവാഹം കഴിപ്പിച്ചയച്ചതെന്നും ഇതൊക്കെയാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇത്രയും നല്കാന് നിർവാഹ മില്ലന്ന് അർച്ചനയുടെ വീട്ടുകാര്‍ പറഞ്ഞു.
എന്നാൽ പ്രണയബന്ധം തുടർന്നു. യുവാവ് വീണ്ടും വിദേശത്ത് പോയി. പിന്നീട് മടങ്ങിയെത്തിയ യുവാവ് മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹത്തിന് തയാറായി.
‘നീ പോയി ചാകെടീ’..!
നഴ്സിംഗ് പഠനം പൂർത്തിയാക്കി കുടുംബത്തിലെ പ്രാരാബ്ദങ്ങൾ നീക്കാമെന്ന് അച്ഛനും അമ്മക്കും മോഹം നൽകിയ അർച്ചനയുടെ വേർപാട് മാതാപിതാക്കൾക്ക് തീരാ നൊമ്പരമായി.അർച്ചന പഠനത്തിൽ മിടുക്കിയായിരുന്നു.
കൊപ്പാറേത്ത് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ്ടു സയൻസിന് എ പ്ലസ് നേടിയാണ് ജയിച്ചത്. മകളെ വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച് പ്രണയിച്ച യുവാവ് മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹത്തിന് തയ്യാറായതാണ് മകൾ ജീവനൊടുക്കാൻ കാരണം.
മറ്റൊരു പെണ്‍കുട്ടിയുമായി യുവാവ് നില്ക്കുന്ന ഫോട്ടോ അര്‍ച്ചനയുടെ മൊബൈലിലേക്ക് അയച്ചുകൊടുത്തു. മരിക്കുമെന്ന് ശ്യാമിനെ അറിയിച്ചപ്പോള്‍ ‘നീ പോയി ചാകെടീ’ എന്നായിരുന്നു മറുപടിയെന്നും അർച്ചനയുടെ പിതാവ് വിശ്വനാഥൻ സങ്കടത്തോടെ പറയുന്നു.
മകളുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും പിതാവ് വിശ്വനാഥൻ പറഞ്ഞു.