കാസര്‍ഗോഡ്: എം.സി. കമറുദ്ദീന് എംഎല്‍എ ഉള്‍പ്പെട്ട ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് വിവാദം ഒത്തുതീര്‍ക്കാന്‍ ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം നടത്തിയ മധ്യസ്ഥ ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ കല്ലുകടി.
മധ്യസ്ഥനായി നിയോഗിച്ച ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയുടെ വീട്ടില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ജ്വല്ലറി ജീവനക്കാരന് മര്‍ദനമേറ്റതായാണ് പരാതി.
ജ്വല്ലറിയുടെ പിആര്‍ഒ ആയിരുന്ന ടി.കെ. മുസ്തഫ(50)യെ അടിയും ചവിട്ടുമേറ്റ നിലയിലാണ് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സന്ധ്യവരെ ചർച്ച
തിങ്കളാഴ്ച രാവിലെ ചര്‍ച്ചകള്‍ക്കായി നിക്ഷേപകരുടെയും ജ്വല്ലറി ജീവനക്കാരുടെയും പ്രതിനിധികളെ മാഹിന്‍ ഹാജിയുടെ കാസര്‍ഗോഡ് മേല്‍പറമ്പിലുള്ള വീട്ടിലേക്കു വിളിപ്പിച്ചിരുന്നു.
രാവിലെ തുടങ്ങിയ ചര്‍ച്ചകള്‍ സന്ധ്യ വരെ നീണ്ടുനിന്നെങ്കിലും ഇത്രയും നേരം കാത്തിരിക്കേണ്ടിവന്ന ജ്വല്ലറി ജീവനക്കാര്‍ക്കു ഭക്ഷണം പോലും ഒരുക്കി നല്‍കിയില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
ജ്വല്ലറിയുടെ ആസ്തി വകകള്‍ കണക്കാക്കുമ്പോള്‍ ജീവനക്കാരുടെ പേരിലുള്ള വ്യക്തിപരമായ സ്വത്തുക്കളും അതില്‍ ഉള്‍പ്പെടുത്തണമെന്നു മാഹിന്‍ ഹാജി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നതായി പറയുന്നു.
ഈ സ്വത്തുക്കള്‍ ജ്വല്ലറിയില്‍നിന്നു കിട്ടിയ ആദായം കൊണ്ട് സമ്പാദിച്ചതാണെന്നായിരുന്നു അവരുടെ വാദം. എന്നാല്‍, ജീവനക്കാര്‍ ഇതിനു തയാറാകാതിരുന്നതോടെ വാക്കേറ്റമായി. ഇത് കൈയാങ്കളിയിലെത്തിയപ്പോഴാണ് മുസ്തഫയ്ക്കു മര്‍ദനമേറ്റതെന്നു പറയുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന ജ്വല്ലറി മാനേജര്‍ സൈനുല്‍ ആബിദിന്റെ നേതൃത്വത്തില്‍ മറ്റു ജീവനക്കാര്‍ മുസ്തഫയെ സംഭവസ്ഥലത്തുനിന്നു ചെറുവത്തൂരില്‍ തിരിച്ചെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ജീവനക്കാരുടെ തലയിൽ
ജ്വല്ലറി നിക്ഷേപ തട്ടിപ്പിന്റെ ഉത്തരവാദിത്വം ജീവനക്കാരുടെ തലയില്‍ കെട്ടിവച്ചു കമറുദീനും എംഡി പൂക്കോയ തങ്ങളും ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളെ രക്ഷിച്ചെടുക്കാനുള്ള തന്ത്രമാണ് മധ്യസ്ഥ ചര്‍ച്ചയില്‍ നടന്നതെന്നാണു ജീവനക്കാരുടെ ആരോപണം.
മുസ്തഫയും സൈനുല്‍ ആബിദും ഉള്‍പ്പെടെ ആറ് ജീവനക്കാരാണ് മാഹിന്‍ ഹാജിയുടെ വീട്ടില്‍ ചര്‍ച്ചയ്ക്കെത്തിയത്. ലീഗ് നേതാക്കള്‍ ഇവരെ ഒറ്റയ്ക്കൊറ്റയ്ക്ക് വിളിപ്പിച്ച് സ്വന്തം പേരിലുള്ള ഭൂമിയുടേയും വീടിന്റേയും രേഖകള്‍ കൈമാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍, ജ്വല്ലറിയുടെ ആസ്തിവകകള്‍ എവിടെയൊക്കെയാണ് നിക്ഷേപിക്കപ്പെട്ടിട്ടുള്ളതെന്ന വിവരം ശേഖരിക്കുന്നതിനായാണ് ജീവനക്കാരുടെ സ്വത്തുവകകളുടെ രേഖകള്‍ ആവശ്യപ്പെട്ടതെന്നു പിന്നീട് മാഹിന്‍ ഹാജി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ചര്‍ച്ചകളുടെ തിരക്കിനിടയില്‍ ജീവനക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സമയം കിട്ടിയില്ലെന്നത് ശരിയാണ്. ഇതിന്റെ ക്ഷീണവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതും മൂലമാണ് മുസ്തഫ കുഴഞ്ഞുവീണതെന്ന് അദ്ദേഹം പറയുന്നു.
മുസ്തഫയെ ആശുപത്രിയിലെത്തിക്കാന്‍ സൈനുല്‍ ആബിദ് ഉള്‍പ്പെടെ മറ്റുള്ളവരോട് ആവശ്യപ്പെട്ടത് താന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.