കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര -സംസ്ഥാന മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് രാഷ്ട്രീയ യുദ്ധം മുറുകുന്നു. സ്വര്‍ണക്കള്ളക്കടത്തിന് പിന്നില്‍ കേന്ദ്ര -സംസ്ഥാന മന്ത്രിമാരുടെ പേരുകള്‍ ആരോപിച്ചാണ് ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ പോരടിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും രാജിവയ്ക്കണമെന്ന ആവശ്യവുമായാണ് ബിജെപി ആദ്യഘട്ടം മുതല്‍ തന്നെ പ്രതിഷേധം കടുപ്പിച്ചത്.
എന്നാല്‍ എന്‍ഫോഴ്സ്മെന്റ് മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്തതോടെ പ്രതിഷേധം അക്രമത്തിലേക്ക് കടുന്നു. അതിനിടയിലാണ് കേന്ദ്രമന്ത്രിക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയത്.
മന്ത്രി വി.മുരളീധരന് രാജിവയ്ക്കണമെന്നും കേന്ദ്രഏജന്‍സികള്‍ മന്ത്രിക്കെതിരേ അന്വേഷണം നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.
പ്രസ്താവന കുരുക്ക്
സമൂഹമാധ്യമങ്ങള്‍ വഴിയും ബിജെപിക്കെതിരേ സിപിഎം രംഗത്തെത്തിയതോടെ മന്ത്രിമാരുടെ പേരിലുള്ള ‘യുദ്ധം’ മുറുകുകയും ചെയ്തു. ഇതോടെ വിശദീകരണവുമായി ആരോപണസ്ഥാനത്തുള്ള മന്ത്രി ജലീലും കേന്ദ്രമന്ത്രി വി.മുരളീധരനും രംഗത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിന് പുറമേ മന്ത്രി കെ.ടി.ജലീല്‍, സ്പീക്കര്‍, തുടങ്ങി പല പ്രമുഖര്‍ക്കും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നസുരേഷുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ആദ്യഘട്ടത്തില്‍ തന്നെ ആരോപിച്ചിരുന്നു.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം ഇപ്പോള്‍ പലേടത്തും അക്രമങ്ങളിലാണ് കലാശിക്കുന്നത്. കള്ളക്കടത്ത് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള സംസ്ഥാന മന്ത്രിസഭ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ ഇന്ന് കോഴിക്കോട് സത്യാഗ്രഹവും സംഘടിപ്പിച്ചു.
ബിജെപി പ്രതിഷേധങ്ങള്‍ക്ക് വീര്യം പകരും വിധത്തിലാണ് കേന്ദ്രധന സഹമന്ത്രി സ്വര്‍ണക്കടത്ത് കേസിനെക്കുറിച്ച് ലോക്സഭയെ അറിയിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഉന്നത ബന്ധമുണ്ടെന്നാണ് കേന്ദ്ര മന്ത്രി അറിയിച്ചത്.
ഇക്കാര്യം കോടതിയെ ധരിപ്പിച്ചിട്ടുണ്ടെന്നും പ്രതികളുടെ ഉന്നതസ്വാധീനം അന്വേഷണത്തെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള ആരോപണം കടുപ്പിക്കുന്നതാണ് ധനമന്ത്രിയുടെ പ്രസ്താവന.
മുന മുരളീധരനിലേക്ക്
അതേസമയം ധനമന്ത്രിയുടെ ലോക്സഭയിലെ വിശദീകരണത്തെ സിപിഎം, ബിജെപിക്കെതിരേയുള്ള ആയുധമാക്കി. കേന്ദ്രസഹമന്ത്രിയും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ വി.മുരളീധരനെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തിയാണ് സിപിഎം രംഗത്തുവന്നത്.
നയതന്ത്ര ബാഗേജ് വഴിയാണ് സ്വര്‍ണം കടത്തിയതെന്ന് പാര്‍ലമെന്റിനെ ധനസഹമന്ത്രി അറിയിച്ചതോടെ വി.മുരളീധരന്റെ രാജിക്കും മുറവിളി ആരംഭിച്ചു.മുരളീധരനെ ചോദ്യം ചെയ്യണമെന്നാണ് സിപിഎം പറയുന്നത്.
സ്വര്‍ണക്കടത്ത് നയതന്ത്ര ബാഗേജിലല്ലെന്നാണ് മുരളീധരന് പറയുന്നത്. എന്നാല്‍ നയതന്ത്ര ബാഗേജ് വഴിയാണ് സ്വര്‍ണം കടത്തിയതെന്ന് കേസ് എന്‍ഐഎയെ ഏല്‍പ്പിച്ച ഉത്തരവിലും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സിപിഎം പറയുന്നത് .
കേസിലെ പ്രതി സ്വപ്നസുരേഷ് നല്കിയ മൊഴിയില്‍ നയതന്ത്ര ബാഗേജല്ലെന്ന് പറയാന്‍ ജനം ടിവി കോ-ഓര്‍ഡിനേറ്റര്‍ എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടിരുന്നു. അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചയില്‍ അന്വേഷണം മുരളീധരനില്‍ എത്തുമായിരുന്നു.
എന്നാല്‍ കസ്റ്റംസ് സംഘത്തില്‍ മാറ്റങ്ങള്‍ വരുത്തി. ഇത് സംശയാസ്പദമാണെന്നും സിപിഎം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ നയതന്ത്ര ബാഗെന്ന വ്യജേന സ്വര്‍ണം കടത്തിയെന്ന് തന്നെയാണ് പറഞ്ഞതെന്ന് വിശദീകരണവുമായി വി.മുരളീധരനും രംഗത്തെത്തിയിട്ടുണ്ട്.
യഥാര്‍ഥത്തില്‍ നയതന്ത്ര ബാഗ് ആയിരുന്നെങ്കില്‍ ഈ കേസ് വിദേശരാജ്യവുമായുള്ള കേസാവുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.