ഇന്റര്‍നെറ്റ് ഭീമന്‍മാരായ ഗൂഗിളില്‍ ഒരു ജോലി ഒട്ടുമിക്ക ആളുകളുടെയും സ്വപ്‌നമാണ്. എന്നാല്‍ ഈ ജോലി പുല്ലുപോലെ വലിച്ചെറിഞ്ഞ് സമോസ വില്‍പ്പനയ്ക്കിറങ്ങിയ ഒരു ചെറുപ്പക്കാരനുണ്ട്. മുനാഫ് കപാഡിയ എന്നാണ് ഇയാളുടെ പേര്. ഷിയ ഇസ്ലാമിന്റെ ഒരു ശാഖയായ ദാവൂദി ബൊഹ്‌റി സമൂഹത്തില്‍ നിന്നുള്ളയാളാണ് മനാഫ്.
മകന്‍ സമോസ കച്ചവടത്തിനിറങ്ങിയപ്പോള്‍ അച്ഛന്‍ അത് എതിര്‍ത്തെങ്കിലും പിന്മാറാന്‍ മുനാഫ് ഒരുക്കമായിരുന്നില്ല. ദാവൂദി ബൊഹ്‌റി സമൂഹത്തിന്റെ തനത് രുചി ഏവരിലും എത്തിക്കുക ഈ ചെറുപ്പക്കാരന്റെ ലക്ഷ്യമായി.
ഇന്ത്യയില്‍ ദാവൂദി ബൊഹ്‌റ സമുദായത്തില്‍ നിന്നുള്ള ആളുകള്‍ കുറവാണ് യെമനിലാണ് ഇവരുടെ വേരുകള്‍. 3.5 അടി വ്യാസമുള്ള പ്ലെയിറ്റിലാണ് ഈ സമുദായംഗങ്ങള്‍ ഭക്ഷണം കഴിക്കുക. തങ്ങളുടെ സമൂഹത്തിന്റെ തനത് രുചികള്‍ ദ ബോഹ്റി കിച്ചന്‍ എന്ന ബ്രാന്‍ഡിലൂടെ ജനകീയമാക്കിയ മുനാഫിനെ തേടി ഇന്നെത്തുന്നത് റാണി മുഖര്‍ജിയും ഋത്വിക് റോഷനും അടക്കമുള്ള പ്രമുഖരുടെ ഓര്‍ഡറുകളാണ്.
2014ലെ ഒരു നവംബറില്‍ മുനാഫിന്റെ ജന്മദിനത്തിലാണ് ഒരു പരീക്ഷണമെന്ന നിലയില്‍ ദ് ബോഹ്റി കിച്ചണിന്റെ പ്രാരംഭം. മട്ടണ്‍ കീമ സമൂസ, ചിക്കണ്‍ മലായ് ഷീഖ് ബിരിയാണി, ഖജൂര്‍ ചട്നി തുടങ്ങി തങ്ങളുടെ സമൂഹത്തിന്റെ ചില വ്യത്യസ്ത രുചികള്‍ ആസ്വദിക്കാന്‍ കുറച്ച് സുഹൃത്തുക്കളെയും പരിചയക്കാരെയും മുനാഫ് വീട്ടിലേക്ക് ക്ഷണിച്ചു.
ആദ്യത്തെ സല്‍ക്കാരം കഴിഞ്ഞ് വിടര്‍ന്ന പുഞ്ചിരികളും നിറഞ്ഞ വയറുമായിട്ടാണ് അതിഥികള്‍ ഇവരുടെ വീട്ടില്‍ നിന്ന് മടങ്ങിയത്. മികച്ച പ്രതികരണം ലഭിച്ചതിനെ തുടര്‍ന്ന് എല്ലാ ആഴ്ചയും എട്ട് പേര്‍ക്ക് വീതം മുനാഫും അമ്മ നഫീസ കപാഡിയയും ചേര്‍ന്ന് തനത് ഭക്ഷണം ഒരുക്കാന്‍ തുടങ്ങി.
അങ്ങനെ കുറച്ച് നാളുകള്‍ക്കുള്ളില്‍ മുംബൈ നഗരത്തിലെ സംസാരവിഷയമായി ബോഹ്റി കിച്ചണ്‍മാറി. പത്രങ്ങളിലും ബ്ലോഗുകളിലുമൊക്കെ വാര്‍ത്ത വരാന്‍ തുടങ്ങി.
പിന്നീട് ബൊഹ്‌റി രുചി ആസ്വദിക്കാനായി 1500 മുതല്‍ 3500 രൂപ വരെ നല്‍കി ബുക്ക് ചെയ്ത് പലരും കാത്തിരിക്കാന്‍ തുടങ്ങി. ബിബിസിയില്‍ വരെ ഇവരെ കുറിച്ച് വാര്‍ത്തകള്‍ വന്നു.
അങ്ങനെയാണ് ഗൂഗിളിലെ അക്കൗണ്ട് സ്ട്രാറ്റെജിസ്റ്റ് ജോലി ഉപേക്ഷിച്ച് ഈ എംബിഎക്കാരന്‍ മുഴുവന്‍ സമയ ഭക്ഷണ ബിസിനസ്സിലേക്ക് ഇറങ്ങുന്നത്. 2015ല്‍ ദ് ബോഹ്റി കിച്ചണ്‍ ഔദ്യോഗികമായി ആരംഭിച്ചു.
മാര്‍ക്കറ്റിംഗില്‍ ഉള്ള അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്താമെന്ന ധാരണയില്‍ രംഗത്തിറങ്ങിയ മുനാഫിന് തുടക്കത്തില്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. പിന്നീട് പല ഡെലിവറി ആപ്പുകളിലൂടെ ഭക്ഷണം ഓര്‍ഡറെടുത്ത് വിതരണം ചെയ്യാന്‍ ആരംഭിച്ചെങ്കിലും തുടക്കത്തിലെ റേറ്റിങ്ങ് പിന്നീട് ലഭിച്ചില്ല.
വീട്ടിലെ വിരുന്നിന്റെ അതേ അനുഭവം ഡെലിവറി വിഭവങ്ങളില്‍ പ്രതീക്ഷിച്ചവര്‍ നിരാശരായി. അങ്ങനെ ആകെ കടത്തിലായി ഈ സംരംഭം തന്നെ ഉപേക്ഷിച്ചാലോ എന്നാലോചിക്കുമ്പോഴാണ് ഫോര്‍ബ്സ് ഇന്ത്യയുടെ 30 അണ്ടര്‍ 30 പട്ടികയില്‍ മുനാഫ് ഇടം പിടിക്കുന്നത്.
അത് മുനാഫിന്റെ സിരകളില്‍ വീണ്ടും ഊര്‍ജം നിറച്ചു. പണം മുടക്കാന്‍ നിക്ഷേപകരെ കൂടി കിട്ടിയതോടെ അഞ്ച് ഔട്ട്ലെറ്റുകളുമായി ബോഹ്റി കിച്ചണ്‍ സജീവമായി. പ്രതിദിനം 20ല്‍ നിന്ന് 200ലേക്ക് ഓര്‍ഡറുകള്‍ വര്‍ദ്ധിച്ചു. 2019 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ 35 ലക്ഷത്തോളം രൂപ വരുമാനമുണ്ടാക്കി.
കോവിഡ് മറ്റെല്ലാ ബിസിനസ്സുകളെയും പോലെ ബോഹ്റി കിച്ചണെയും ബാധിച്ചു. ഔട്ട്ലെറ്റുകളില്‍ മൂന്നെണ്ണം അടച്ചു പൂട്ടേണ്ടി വന്നു. പകുതിയോളം ജീവനക്കാരെ കുറച്ചു. വരും മാസങ്ങളില്‍ ബൊഹ്‌റി കിച്ചണില്‍ പുതുമ പരീക്ഷിക്കാനാണ് മനാഫ് തീരുമാനിച്ചിരിക്കുന്നത്.
പുതുമകളുമായി വരും മാസങ്ങളില്‍ ബോഹ്റി രുചിയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മുനാഫ്.