വെള്ളിക്കുളങ്ങര: മൂന്നു പതിറ്റാണ്ടായി മലയോര ജനത കാത്തിരിക്കുന്ന വെള്ളിക്കുളങ്ങര പഞ്ചായത്ത് രൂപീകരണം ഇത്തവണയും ഇല്ല. സാന്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്ത് ഇത്തവണയും പഞ്ചായത്ത് വിഭജനം വേണ്ടെന്ന് വച്ചത്.
1995ൽ പഞ്ചായത്തീരാജ് ചട്ടങ്ങൾ പ്രകാരം ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വരുന്നതിനു മുന്നോടിയായി മറ്റത്തൂർ ഉൾപ്പടെയുള്ള വലിയ പഞ്ചായത്തുകൾ വിഭജിച്ചുകൊണ്ട് 1994 ഓഗസ്റ്റിൽ സർക്കാർ പ്രഖ്യാപനമുണ്ടായിരുന്നു.
1994 ഓഗസ്റ്റ് 16ന് 2877 സി 1 94 ത.ഭ.വ.എന്ന നന്പറിൽ ഇതു സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനവുമിറങ്ങിയിരുന്നു. ഇതനുസരിച്ച് വെള്ളിക്കുളങ്ങരയിൽ പുതിയ പഞ്ചായത്തിനായി കെട്ടിടം വാടകക്കെടുക്കുകയും മറ്റ് പ്രാരംഭപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു.
എന്നാൽ വിഭജനവുമായി ബന്ധപ്പെട്ട് ചില പഞ്ചായത്തുകൾ കോടതിയെ സമീപിച്ചതിനെ തുടർന്ന് വിഭജനനടപടികൾ കോടതി സ്റ്റേ ചെയ്തതോടെ വെള്ളിക്കുളങ്ങര പഞ്ചായത്ത് രൂപീകരണം കടലാസിൽ ഒതുങ്ങി.
പിന്നീട് അധികാരത്തിൽ വന്ന പഞ്ചായത്ത് ഭരണസമിതികളും പ്രമേയത്തിലൂടെ സർക്കാരിനോട് പഞ്ചായത്ത് വിഭജനം ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല നടപടികളുണ്ടായില്ല.
2009ൽ വെള്ളിക്കുളങ്ങര മേഖലയിലെ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകൾ ചേർന്ന് വെള്ളിക്കുളങ്ങര പഞ്ചായത്ത് രൂപീകരണത്തിനായി കർമ്മസമിതി രൂപീകരിക്കുകയും പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.
2010ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി 40,000 ലധികം ജനസംഖ്യയുള്ള പഞ്ചായത്തുകൾ വിഭജിക്കണമെന്ന് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റി സർക്കാരിനോട് ശുപാർശ ചെയ്തത് മലയോരജനതക്ക് പ്രതീക്ഷ പകർന്നിരുന്നെങ്കിലും അനുകൂല നടപടികൾ ഉണ്ടായില്ല.
ജില്ലയിൽ ജനസംഖ്യയിലും വിസ്തൃതിയിലും ഒന്നാം സ്ഥാനത്തുള്ള പഞ്ചായത്താണ് മറ്റത്തൂർ. 103.11 ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയുള്ള മറ്റത്തൂരിൽ നിലവിൽ 23 വാർഡുകളാണുള്ളത്.
മറ്റത്തൂർ, വെള്ളിക്കുളങ്ങര വില്ലേജുകൾ പൂർണമായും കോടശേരി വില്ലേജ് ഭാഗികമായും ഈ പഞ്ചായത്തിലുൾപ്പെടുന്നു. മറ്റത്തൂരിനെ വിഭജിച്ച് വെള്ളിക്കുളങ്ങര ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം നിറവേറാൻ ഇനിയും കാത്തിരിക്കേണ്ടിവരും.