പരിയാരം: പരിയാരം പോലീസ് സ്റ്റേഷനില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ പോലീസിനെ അക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ മൂന്നുപേരെ കോടതി റിമാൻഡ് ചെയ്തു.
പിലാത്തറ മണ്ടൂരിലെ മന്ദ്യത്ത് വീട്ടില്‍ കെ.വി.ശരത്ത് (24), സിഎം നഗറിലെ കളത്തില്‍ വളപ്പില്‍ കെ.വി.വിന്ദേഷ് ( 24 ), പിലാത്തറയിലെ കളത്തില്‍ വളപ്പില്‍ വിനീത് ( 34 ) എന്നിവരെയാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കം പരിഹരിക്കുന്നതിനായി പ്രിന്‍സിപ്പല്‍ എസ്ഐ എം.പി.ഷാജി ഇവരെ ചര്‍ച്ചയ്ക്ക് വിളിച്ച് വരുത്തിയിരുന്നു.
ചര്‍ച്ചകള്‍ക്കിടെ ഇവര്‍ പരസ്പരം പോര്‍വിളികളോടെ എറ്റുമുട്ടുകയായിരുന്നു.ഇതിനിടെ പിടിച്ചുമാറ്റാനെത്തിയ ജിഡി ചാര്‍ജിലുണ്ടായിരുന്ന പ്രമോദിന് മര്‍ദനമേറ്റതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സ്റ്റേഷനകത്ത് എറ്റുമുട്ടല്‍ തുടര്‍ന്ന ഇവരെ കൂടുതല്‍ പോലീസ് ഇടപെട്ടാണ് കീഴ്പ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് മൂന്നുപേരേയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ മര്‍ദിച്ചതിനും ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.