മുണ്ടൂർ: കേരളത്തെ വരുന്ന മൂന്നുവർഷംകൊണ്ട് സന്പൂർണ ശുചിത്വ സംസ്ഥാനമാക്കി മാറ്റാനാകുമെന്ന് തദ്ദേശവകുപ്പു മന്ത്രി എ.സി. മൊയ്തീൻ. ശാസ്ത്രീയമായ രീതിയിൽ മാലിന്യപരിപാലനം നടത്താനുള്ള സാങ്കേതികശേഷി ഇന്നു കേരളത്തിലുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെയും ബഹുജനങ്ങളുടെയും കൂട്ടായ ഇടപെടലുകളിലൂടെ സംസ്ഥാന സർക്കാരിന് ഈ ലക്ഷ്യം കൈവരിക്കാനാകും. ഇതിന് കഴിഞ്ഞ 25 വർഷക്കാലത്തെ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ അനുഭവങ്ങളും മുതൽക്കൂട്ടാകും.
വികേന്ദ്രീകൃത മാലിന്യസംസ്കരണം, സുസ്ഥിര സാധ്യതകൾ എന്ന വിഷയത്തിൽ ഐആർടിസി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമാവധി ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാൻ കഴിയുന്ന വ്യത്യസ്തങ്ങളായ ഉപകരണങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് എല്ലാ വീടുകളിലുമെത്തിക്കാൻ കഴിയണം.
അതോടൊപ്പം മാക്കറ്റുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളിലെ ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ കഴിയുന്ന ചെറുകിട പ്ലാന്റുകളും ആവശ്യമായി വരും. അജൈവമാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റാനുമാകും.
അതിന് പ്രാപ്തമായ ഹരിതകർമ സേനകൾ എല്ലാ പഞ്ചായത്തുകളിലും ഉണ്ടാകണം. മലിനജല സംസ്കരണത്തിനും തുല്യപ്രാധാന്യം നല്കേണ്ടതുണ്ട്.
ഐആർടിസി സംഘടിപ്പിച്ച വെബിനാറിൽ തദ്ദേശ സ്ഥാപന ഭാരവാഹികൾ, മാലിന്യസംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരെല്ലാം പങ്കാളികളായി. കില ഡയറക്ടർ ഡോ. ജോയ് ഇളമണ് അധ്യക്ഷത വഹിച്ചു.
തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ഉറവിട മാലിന്യസംസ്കരണം പ്രായോഗിക സമീപനം എന്ന വിഷയത്തിൽ പ്രഫ. പി.കെ.രവീന്ദ്രൻ, മാലിന്യസംസ്കരണം
ഐആർടിസി ഇടപെടൽ എന്ന വിഷയത്തിൽ വി.ജി.ഗോപിനാഥൻ, ഹരിതകർമസേന സംരഭകത്വ സാധ്യതകൾ എന്ന വിഷയത്തിൽ ടി.പി. ശ്രീശങ്കർ എന്നിവർ അതരണങ്ങൾ നടത്തി. ഐആർടിസി ഡയറക്ടർ ഡോ. എസ്.ശ്രീകുമാർ സ്വാഗതവും രജിസ്ട്രാർ കെ.കെ.ജനാർദനൻ നന്ദിയും പറഞ്ഞു.