കോഴിക്കോട്: സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ സമരം നടക്കുന്നതിനിടെ സമരത്തെ അടിച്ചമര്‍ത്തുന്ന പോലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി.
പ്രവര്‍ത്തകര്‍ക്കെതിരേ അക്രമം നടത്തുന്ന പോലീസിന്റെ രാഷ്ട്രീയം ചികയുകയാണ് നേതാക്കള്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഇന്നലെ വൈകുന്നേരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ചിത്രമാണ് ഇതില്‍ ഏറ്റവും അവസാനത്തേത്.
പോലീസിനെ തെരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ പരോക്ഷമായി ആഹ്വാനം ചെയ്തുകൊണ്ടുള്ള ചിത്രമാണ് അദ്ദേഹം ഇന്നലെ സ്വന്തം ഫേസ് ബുക്ക് പേജില്‍ പങ്കുവച്ചത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് ഇതിനകം രംഗത്തെത്തികഴിഞ്ഞു.
പോലീസ് ഉദ്യോഗസ്ഥന് പ്രവര്‍ത്തകനെ ചവിട്ടുന്ന ചിത്രമുള്‍പ്പെടെയാണ് പോസ്റ്റ്. “ഇത് ഡി.വൈഎസ്പി. സദാനന്ദൻ. കണ്ണൂരിൽ പ്രതിഷേധത്തിനെത്തിയ യുവമോർച്ച പ്രവർത്തകരെ ചവിട്ടുന്ന ചിത്രമാണിത്.
എന്നും സിപിഎമ്മിന്റെ അടിമയും ബിജെപിയോട് കടുത്ത വിരോധവും വെച്ചുപുലർത്തുന്ന പോലീസിലെ സിപിഎം നേതാവ്. ഫസൽ വധക്കേസിൽ സിപിഎം നേതാക്കളെ രക്ഷിക്കാൻ നേരത്തെ നടത്തിയ കുത്സിതനീക്കം വലിയ വിവാദമായിരുന്നു.
ഇത്തരം പൊലീസുകാരുടെ ബലത്തിലാണ് കേരളത്തിൽ സിപിഎം എല്ലാ നെറികേടുകളും നടത്തുന്നത്. ഇന്ന് ഇതേ പൊലീസുകാരുടെ കൺമുന്നിലാണ് സമരക്കാരെ ഡിഫി ഗുണ്ടകൾ മാരകായുധങ്ങളുമായി ആക്രമിച്ചത്.
ഇത്തരം നരാധമൻമാരുടെ എല്ലാ അതിക്രമങ്ങളും അതിജീവിച്ചാണ് ഞങ്ങളുടെ ഓരോ പ്രവർത്തകനും പൊരുതുന്നത്. ആയിരം സദാനന്ദൻമാർ വിചാരിച്ചാലും ഞങ്ങൾ പോരാട്ടം തുടരുകതന്നെ ചെയ്യുമെന്നതാണ് ഞങ്ങളെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തരാക്കുന്നത്… പോസ്റ്റില്‍ പറയുന്നു”.