ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് അനശ്വര രാജൻ. പിന്നാലെ തമിഴിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു.
തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന പതിവും താരത്തിനുണ്ട്. ഇങ്ങനെ പങ്കുവച്ച ഒരു ചിത്രത്തിന്റെ പേരില്‍ താരം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബര്‍ ആക്രമണം നേരിടുകയാണ്.
ധരിച്ച വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്ന പേരിലായിരുന്നു താരത്തിനെതിരേ സൈബര്‍ ആക്രമണം. ഇതിന് മറുപടിയായി അനശ്വര തന്നെ രംഗത്തെത്തിയിരുന്നു.
പതിനെട്ടാം പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെയാണ് താരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. നിരവധി പേര് ചിത്രത്തെ പിന്തുണച്ച് എത്തിയപ്പോള്‍ മറ്റു ചിലര്‍ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന പേരിലായിരുന്നു വിമര്‍ശനങ്ങള്‍ എത്തിയത്. പതിനെട്ട് വയസാകാന്‍ കാത്തിരിക്കുകയായിരുന്നു അല്ലെ ഇറക്കം കുറഞ്ഞ വസ്ത്രമിടാൻ…
നാണമില്ലെ ഈ വസ്ത്രം ധരിക്കാന്‍… എന്നൊക്കെ പറഞ്ഞാണ് ചിലർ ചിത്രത്തിനു താഴെ കമന്റിട്ടത്. എന്നാല്‍ ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്ന് പറഞ്ഞ് അനശ്വരയെ സപ്പോര്‍ട്ട് ചെയ്തും ചിലര്‍ എത്തിയിരുന്നു.
എന്നാല്‍ വിമര്‍ശിച്ചവര്‍ക്കെല്ലാം ചുട്ട മറുപടിയുമായി അനശ്വര രാജന് തന്നെ രംഗത്തെത്തി. അതേ വസ്ത്രമണിഞ്ഞുളള മറ്റൊരു ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു നടി മറുപടിയുമായി എത്തിയത്.
ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ ചെയ്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടുവിൻ എന്നാണ് അനശ്വര രാജന് ചിത്രം പങ്കുവച്ചു കൊണ്ടു കുറിച്ചത്.
അനശ്വരയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. നടിമാരായ റിമ കല്ലിങ്കലും അഹാന കൃഷ്ണകുമാറും അനശ്വരയ്ക്കു പിന്തുണയുമായെത്തി. അദ്ഭുതം..അദ്ഭുതം സ്ത്രീകള്‍ക്ക് കാലുകളുണ്ട് എന്ന അടിക്കുറിപ്പോടെ തന്റെ സ്വിം സ്യൂട്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചായിരുന്നു റിമ പിന്തുണ അറിയിച്ചത്.
എന്തായാലും വിമർശകരുടെ വായടപ്പിക്കുന്ന മറുപടിയുമായാണ് റിമ രംഗത്തെത്തിയത്. മിനി ഡ്രസ് ധരിച്ച സ്വന്തം ചിത്രം പോസ്റ്റ് ചെകൊണ്ടാണ് അഹാന അനശ്വരയ്ക്കു പിന്തുണ പ്രഖ്യാപിച്ചത്. എത്രപേർ അശ്ലീല കമന്റുകൾ ഇടും എന്നറിയാൻ തന്നെയാണ് ഈ ചിത്രം പോസ്റ്റ് ചെയ്യുന്നതെന്നാണ് അഹാന കുറിച്ചത്.
ആണിന്റേതായാലും പെണ്ണിന്റേതായാലും കൈയും കാലും ഒരുപോലെയാണ്. അതിൽ തുറിച്ചു നോക്കേണ്ട കാര്യമില്ലെന്നും അഹാന കുറിച്ചു.ഇവർക്കൊപ്പം ബിഗ് ബോസ് ഷിയാസും അനശ്വരയ്ക്ക് പിന്തുണയുമായി എത്തി.
ആ കുട്ടിയുടെ വീട്ടുകാര്‍ക്കോ ആ കുട്ടിക്കോ ഇല്ലാത്ത കരുതലും സംരക്ഷണയുമാണല്ലോ ഇവിടുത്തെ ചില കരുതല്‍ ആങ്ങളമാര്‍ക്ക്. ആ കുട്ടി ഇഷ്ടമുള്ള വസ്ത്രം ഇടട്ടെ അതിന് നിങ്ങള്‍ക്ക് എന്താണ് എന്നായിരുന്നു ഷിയാസ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.
കൂടാതെ രജിഷ വിജയൻ, അന്ന ബെൻ, അപർണ തോമസ്, അനാർക്കലി മരയ്ക്കാർ തുടങ്ങിയവരും അനശ്വരയ്ക്കു പിന്തുണയുണയുമായെത്തി.