മാനന്തവാടി: പരിമിതികളെ അതിജീവിച്ച് സബിതയുടെ നൃത്തവിദ്യാലയം. മാനന്തവാടി വള്ളിയൂർകാവ് വരടിമൂല പണിയ കോളനിയിലെ പത്താംക്ലാസ് വിദ്യാർഥിനി സബിതയാണ് സഹോദരന്റെ മൊബൈൽ ഫോണിലെ യുട്യൂബിൽ നിന്നും നൃത്തം പഠിച്ച് കൂട്ടുകാരികളുടെ നൃത്താധ്യാപികയായി മാറിയത്.
സബിതയ്ക്ക് സ്വന്തമായി അടച്ചുറപ്പുള്ള വീടില്ല. ചോർന്നൊലിക്കുന്ന ബന്ധുവീട്ടിൽ ടിവിയോ സ്വന്തമായി മൊബൈൽ ഫോണോ ഇല്ല. ഇതെല്ലാം സ്വപ്നമായി അവശേഷിക്കുന്പോഴും സബിത നൃത്തവിദ്യാർഥിനിയും അധ്യാപികയുമാണ്.
ആറാട്ടുതറ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ സബിത ചെറുപ്രായത്തിൽ മൂന്ന് വർഷത്തോളം നൃത്തമഭ്യസിക്കാൻ പോയിരുന്നു. പിന്നീട് സാന്പത്തിക പ്രയാസം കാരണം പരിശീലനം നിർത്തിവയ്ക്കേണ്ടിവന്നു. എന്നാൽ നൃത്തത്തോടുള്ള താത്പര്യം മനസിൽ നിന്നും പോയില്ല.
പിന്നീട് സഹോദരന്റെ മൊബൈൽഫോണിലെ യുട്യൂബിൽ നിന്നായി പഠനം. പഠിച്ച ശേഷം ഫോണിൽ വീഡിയോ ചിത്രീകരിക്കാൻ തുടങ്ങി. തൊഴിലുറപ്പ് ജോലി ചെയ്യുന്ന അമ്മ ചിത്ര പിന്തുണയുമായി എപ്പോഴും മകൾക്കൊപ്പം നിന്നു.
മൂന്നു മാസം പിന്നിട്ടപ്പോൾ വീഡിയോ കണ്ട അയൽവാസികളായ കുരുന്നുകൾക്കും നൃത്തം പഠിക്കാൻ മോഹം. സൗകര്യങ്ങൾ നന്നേ കുറവായ കുഞ്ഞുവീട് അങ്ങിനെ നൃത്തവിദ്യാലയമായി. ഫീസൊന്നും വാങ്ങാതെ അഞ്ചു പേരെയാണ് സബിത ഇപ്പോൾ പഠിപ്പിക്കുന്നത്.
പത്താംക്ലാസ് പരീക്ഷയിൽ പരാജയപ്പെട്ട വിഷയം എഴുതി വിജയിക്കണം. ശാസ്ത്രീയ നൃത്തത്തിൽ കൂടുതൽ ഉയരങ്ങളിലെത്തണം. നല്ലൊരു നൃത്ത അധ്യാപികയാകണം. ഇതെല്ലാമാണ് സബിതയുടെ കൊച്ചുകൊച്ചുമോഹങ്ങൾ.
ഈ കലാകാരിയെ സമൂഹം ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.