ചാലക്കുടി: ദേശീയപാതയ്ക്കരികിൽ ടൂറിസ്റ്റുകൾക്ക് വിശ്രമിക്കുന്നതിനുവേണ്ടി നിർമിച്ച വഴിയോര വിശ്രമകേന്ദ്രം വഴിയിൽ ഉപേക്ഷിച്ചു.
ദേശീയപാതയിലൂടെ കടന്നുപോകുന്ന ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാൻ നഗരസഭയുടെ സ്ഥലത്ത് ടൂറിസം വകുപ്പാണ് 48 ലക്ഷം രൂപ ചെലവിൽ ഇവിടെ കെട്ടിടം നിർമിച്ചത്.
ടൂറിസ്റ്റുകൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും ലഘുഭക്ഷണത്തിനും സൗകര്യമൊരുക്കിയാണ് വഴിയോരവിശ്രമകേന്ദ്രം എന്നപേരിൽ കെട്ടിടം നിർമിച്ചത്. 2016 ൽ അന്നത്തെ ടൂറിസം മന്ത്രി എ.സി. മൊയ്തീനാണ് ഉദ്ഘാടനം ചെയ്തത്.
എന്നാൽ ഉദ്ഘാടന ചടങ്ങ് നടത്തിയതല്ലാതെ പിന്നീട് ആരും ഇവിടേക്കു തിരിഞ്ഞുനോക്കിയിട്ടില്ല. കെട്ടിടം ഇപ്പോൾ അനാഥമായി കാടുപിടിച്ച് കിടക്കുകയാണ്.
ഈ കെട്ടിടത്തിന് 48 ലക്ഷം രൂപ ചെലവഴിച്ചു എന്നതുതന്നെ അതിശയോക്തിയാണ്.ഉടനെ തുറക്കും എന്ന പ്രഖ്യാപനമല്ലാതെ വഴിയോര വിശ്രമകേന്ദ്രം തുറന്നില്ല. ഒടുവിൽ ടൂറിസം വകുപ്പ് ഈ പദ്ധതി ഉപേക്ഷിച്ചു. കെട്ടിടം നഗരസഭയ്ക്കു കൈമാറി.
എന്നാൽ നഗരസഭയ്ക്ക് കൈമാറിയെന്നല്ലാതെ ഇത് തുറന്നുപ്രവർത്തിക്കാൻ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. ഇവിടെ ഇപ്പോൾ ഇഴജന്തുക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാണ്.