കോട്ടയം: ആറന്മുളയിൽ ആംബുലൻസിൽ പീഡനത്തിന് വിധേയയായ പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെയാണ് പന്തളം സ്വദേശിനിയായ 19കാരി ജീവനൊടുക്കാൻ ശ്രമിച്ചത്.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിലായിരുന്നു കോവിഡ് രോഗികൂടിയായ പെൺകുട്ടി ജീവനൊടുക്കാൻ ശ്രമം നടത്തിയത്. വാർഡിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു.
പേവാർഡിന്റെ ഒന്നാം നിലയിലെ മുറിയിലാണ് പെൺകുട്ടി ചികിത്സയിൽ കഴിഞ്ഞത്. ഇതിന്റെ എതിർവശത്തെ മുറിയിൽ സഹായത്തിനെത്തിയ മാതാവും താമസിക്കുന്നു. ഉച്ചയോടു കൂടി മാതാവ് , കഴുകിയ വസ്ത്രം ഉണക്കുന്നതിനായി മുറിക്ക് വെളിയിൽ പോയി.
ഇതിനിടയിൽ വാതിൽ അകത്തുനിന്ന് അടയ്ക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സിന്റെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ ഇവർ ഉടൻ തന്നെ കതകിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് നേഴ്സിംഗ് ഓഫീസറെ വിവരം അറിയിച്ചു.
വാതിൽ തുറക്കുവാൻ ആവശ്യപ്പെട്ടെങ്കിലും തുറന്നില്ല. പിന്നീട് വാതിൽ തല്ലിപ്പൊളിച്ച ശേഷം അകത്ത് പ്രവേശിച്ചപ്പോൾ പെൺകുട്ടി ഫാനിൽ തൂങ്ങി നിൽക്കുകയായിരുന്നു.
രണ്ട് തോർത്തുകൾ കൂട്ടിക്കെട്ടി കഴുത്തിൽ ചുറ്റിയ ശേഷം മേശയുടെ മുകളിൽ കയറിഫാനിൽ കെട്ടുകയായിരുന്നു.
കൂടെയുണ്ടായിരുന്ന വനിതാ സെക്യൂരിറ്റി ഇവരെ ഉയർത്തിപ്പിടിച്ച് കഴുത്തിൽ കിടന്ന തോർത്ത് അറുത്ത് പെൺകുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. പിന്നീട് മാനസികാരോഗ്യ വിഭാഗം ഡോക്ടർമാരെത്തി പെൺകുട്ടിയുമായി സംസാരിച്ചു.
ആംബുലൻസ് ഡ്രൈവർ മാനഭംഗത്തിനിരയാക്കിയതും കോവിഡ് രോഗം മൂലമുണ്ടായ മാനസിക സംഘർഷവുമാകാം ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്.
ആദ്യ തവണ എടുത്ത സ്രവ പരിശോധനാ ഫലം പോസറ്റീവ് ആയിരുന്നുവെന്ന് മാതാവ് പറഞ്ഞു. അടുത്ത പരിശോധനയ്ക്ക് സ്രവം എടുക്കുവാനിരിക്കേയാണ് സംഭവം.
സെപ്റ്റംബർ അഞ്ചിനാണ് ആന്മുളയിൽ കോവിഡ് രോഗിയായ പെണ്കുട്ടിയെ ആംബുലൻസിൽ കൊണ്ടുപോകവെ ഡ്രൈവർ പീഡിപ്പിച്ചത്.
കോവിഡ് രോഗിയായ 19-കാരിയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് പീഡനം. ആറന്മുളയിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് പീഡിപ്പിച്ചത്.
കേസിൽ കായംകുളം സ്വദേശി നൗഫൽ അറസ്റ്റിലായി. പ്രതി നൗഫൽ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. വധശ്രമക്കേസിൽ ഉൾപ്പെടെ പ്രതിയുമാണ്. പീഡനശേഷം പ്രതി നടത്തിയ കുറ്റസമ്മതം പെണ്കുട്ടി മൊബൈൽ ഫോണിൽ പകർത്തിയത് കേസിൽ നിർണായകമാകും.