ആലുവ: ചികിത്സാ കേന്ദ്രത്തിൽനിന്ന് ചാടിപ്പോയ കോവിഡ് ബാധിതനായ പ്രതിക്കായി കാട്ടിൽ തിരച്ചിൽ തുടരുന്നു. വനം വകുപ്പിന്റെ കൂടി സഹായത്തോടെ പ്രത്യേക അന്വേഷണ സംഘം കോതമംഗലം, കുട്ടമ്പുഴ വനമേഖലയിലെ ഏറുമാടങ്ങളിൽ പരിശോധന നടത്തുകയാണ്.
കുട്ടമ്പുഴ സ്വദേശി മുത്തു(19)വാണ് പോലീസ് കസ്റ്റഡിയിൽ കഴിയവേ ചൊവ്വാഴ്ച്ച വൈകിട്ട് നെടുമ്പാശേരി സിയാലിലെ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽനിന്നും ചാടിപ്പോയത്.
നേരത്തെ പോത്താനിക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജുവൈനൽ ഹോമിൽ കഴിഞ്ഞിരുന്ന മുത്തു കുറ്റവാസനയുള്ളയാളാണെന്ന് പോലീസ് പറയുന്നു. കുട്ടമ്പുഴയിൽ മറ്റൊരു പോക്സോ കേസിൽ കസ്റ്റഡിയിലായതിനെ തുടർന്നാണ് കോവിഡ് സ്ഥിരീകരിച്ച ഇയാളെ സെന്ററിൽ പാർപ്പിച്ചിരുന്നത്.
ഇവിടെനിന്നും ഒരു മൊബൈൽ ഫോൺ മോഷ്ടിച്ച് കാവൽക്കാരായ പോലീസുകാരുടെ കണ്ണ് വെട്ടിച്ചാണ് രക്ഷപ്പെട്ടത്. ഓട്ടോറിക്ഷയിൽ കോതമംഗലത്തെത്തിയ പ്രതി ഡ്രൈവറെ കബളിപ്പിച്ച് അവിടെനിന്നും കടന്നുകളയുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ മാമലക്കണ്ടത്തിൽ എത്തിയതായി കണ്ടെത്തി. അവിടെ നിന്നും കുട്ടമ്പുഴ വനമേഖലയിലേക്ക് കടന്നുകളഞ്ഞതായിട്ടാണ് സൂചന. കാട്ടിൽ ദിവസങ്ങളോളം കഴിയുന്ന പതിവുള്ള മുത്തു വസ്ത്രങ്ങളോ ഭക്ഷണ വസ്തുക്കളോ പണമോ കരുതിയിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം.
പോലീസിന്റെ കണ്ണുവെട്ടിച്ചു കടന്നു കളഞ്ഞ പ്രതി കോവിഡ് ബാധിതനായതിനാൽ ആശങ്കയേറ്റിയിട്ടുണ്ട്. ഇയാളെ കോതമംഗലം ഭാഗത്ത് എത്തിച്ച ഓട്ടോയുടെ ഡ്രൈവറോട് ക്വാറന്റൈനിൽ പ്രവേശിക്കാൻ നിർദേശം നൽകി.
പ്രതിക്കായുള്ള അന്വേഷണം വനമേഖല കേന്ദ്രീകരിച്ച് കൂടുതൽ ഊർജ്ജിതമാക്കിയതായി അന്വേഷണ ചുമതലയുള്ള നെടുമ്പാശേരി സിഐ പി.എം. ബൈജു രാഷ്ട്രദീപികയോട് പറഞ്ഞു.